Advertisement
Entertainment
അയാളുടെ വായില്‍ നിന്ന് നല്ലത് വീഴാന്‍ പാടാണ്, ഒരു നല്ല ബിരിയാണി കഴിച്ചാല്‍ പോലും ആവറേജ് എന്നേ പറയൂ: ഗണപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 03, 05:14 am
Thursday, 3rd April 2025, 10:44 am

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുകയാണ് നടന്‍ ഗണപതി. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ഗണപതി ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ആലപ്പുഴ ജിംഖാന.

സംവിധായകന്‍ ഖാലിദ് റഹ്‌മാനെ കുറിച്ചും അദ്ദേഹത്തിന്റെ വര്‍ക്കിങ് സ്റ്റൈലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പേളി മാണി ഷോയില്‍ ഗണപതി.

ഖാലിദ് റഹ്‌മാന്റെ വായില്‍ നിന്ന് നല്ലത് കേള്‍ക്കാന്‍ കുറച്ച് പാടാണെന്നും ഒരു നല്ല ബിരിയാണി കഴിച്ചാല്‍ പോലും കൊള്ളാം ആവറേജ് എന്നേ പറയൂവെന്ന് ഗണപതി പറയുന്നു.

‘ അനുരാഗ കരിക്കിന്‍ വെള്ളം കഴിഞ്ഞ ഉടന്‍ തന്നെ എല്ലാ സിനിമയിലും ഞാന്‍ പുള്ളിയോട് ചാന്‍സ് ചോദിച്ചിരുന്നു. ഉണ്ട വന്നപ്പോള്‍ പ്രായമായിട്ടില്ല, പൊലീസ് ഒന്നും ആവാന്‍ നീ ആയിട്ടില്ലെന്ന് പറഞ്ഞു.

പിന്നെ തല്ലുമാല വന്നപ്പോഴും വിളിച്ചു. ഇല്ലെടാ എല്ലാം ഫുള്ളായി എന്ന് പറഞ്ഞു. അങ്ങനെ ചോദിച്ചു മടുത്തപ്പോള്‍ ഞാന്‍ പുള്ളിയെ അങ്ങോട്ട് കാസ്റ്റ് ചെയ്തു. അത് ഭയങ്കര രസമായിരുന്നു.

മഞ്ഞുമ്മലിലൂടെയാണ് പുള്ളിയുമായി ഒരു ഇന്ററാക്ഷന്‍ കൂടുതല്‍ ഉണ്ടായത്. ഒരു ടെക്‌നീഷ്യന്‍ എന്ന രീതിയില്‍ എനിക്ക് പുള്ളിയെ ഭയങ്കര ഇഷ്ടമാണ്. ഒരു കോംപ്രമൈസും ഇല്ലാത്ത മനുഷ്യനാണ്.

അയാളുടെ വായില്‍ നിന്ന് നല്ലത് വീഴണമെങ്കില്‍ നല്ല പണിയുണ്ട്. അതിപ്പോ ഒരു നല്ല ബിരിയാണി കഴിക്കാന്‍ പോയാല്‍ പോലും ആ കൊള്ളാടാ ആവറേജ് എന്നേ പറയുള്ളൂ.

പുള്ളിയുടെ കൂടെ വര്‍ക്ക് ചെയ്യുന്നതിന്റെ മുന്‍പ് പുള്ളി എന്നെ വിളിച്ചിട്ട് പറഞ്ഞത് നല്ല പണിയുണ്ട്, വേണമെങ്കില്‍ എടുത്താല്‍ മതി എന്നാണ്. ഒന്ന് ആലോചിച്ചിട്ടൊക്കെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ പണിയെടുപ്പിച്ചിട്ടുണ്ട്. അങ്ങനെ പണി നമ്മള്‍ എടുത്തിട്ടുണ്ടെന്നും കരുതുന്നു,’ ഗണപതി പറഞ്ഞു.

ഖാലിദ് റഹ്‌മാന്‍ നമ്മളെ ചലഞ്ച് ചെയ്തു കളയുമെന്നായിരുന്നു ഇതോടെ നടന്‍ നസ്‌ലെന്‍ പറഞ്ഞത്. നമ്മള്‍ ചെയ്തത് മോണിറ്ററില്‍ കാണിച്ചിട്ട് നോക്ക്, അലമ്പല്ലേ, ബോര്‍ അല്ലേ, പോയി നന്നായി ചെയ്യ് എന്ന് പറയും.

ഈ സിനിമ കുറച്ച് അധികം നാളത്തെ പ്രോസസ് ആണ്. ആറ് മാസത്തോളം നമ്മള്‍ സ്ഥിരം കാണുന്നു സംസാരിക്കുന്നു. അത്തരത്തില്‍ ഞങ്ങള്‍ എല്ലാവരും ഫ്രണ്ട്‌സാണ്.

ഒരു പോയിന്റില്‍ നമുക്ക് ഇയാളിത് എന്താണ് ചെയ്യിക്കുന്നത് എന്നൊക്കെ തോന്നും. പക്ഷേ അതൊക്കെ സിനിമയുടെ നല്ലതിന് വേണ്ടിയാണ്. ഫൈനല്‍ റിസള്‍ട്ട്് കാണുമ്പോള്‍ അത് മനസിലാകും. ഭയങ്കര ബ്രില്യന്റ് ക്രാഫ്റ്റ്‌സ്മാന്‍ ആണ് അദ്ദേഹം,’ നസ്‌ലെന്‍ പറഞ്ഞു.

Content Highlight: Actor Ganapathy about Director Khalid Rahman