Advertisement
സ്ത്രീകള്‍ നേരിട്ട അതിക്രമത്തിന് പകരം ചര്‍ച്ചയാകുന്നത് പ്രതികരിച്ച സമയവും രീതിയും: ആര്യ രാജേന്ദ്രന്‍
Kerala News
സ്ത്രീകള്‍ നേരിട്ട അതിക്രമത്തിന് പകരം ചര്‍ച്ചയാകുന്നത് പ്രതികരിച്ച സമയവും രീതിയും: ആര്യ രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Tuesday, 14th January 2025, 4:32 pm

തിരുവനന്തപുരം: ഒരു സ്ത്രീയ്ക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത നിലയില്‍ ആരെങ്കിലും പെരുമാറിയാല്‍ അവള്‍ എപ്പോള്‍ പ്രതികരിക്കണമെന്ന ചോദ്യവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഈ ചോദ്യം വല്ലാത്തൊരു ചോദ്യമാണെന്നും മേയര്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മേയർ ചോദ്യം ഉയർത്തിയത്.

സംഭവസ്ഥലത്ത് വെച്ച് അപ്പോള്‍ തന്നെ ഒരു യുവതി പ്രതികരിച്ചാല്‍ അഹങ്കാരിയെന്ന പട്ടം ചാര്‍ത്തിക്കിട്ടുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പിന്നാലെ നൂറ് സാധ്യതകളുടെ ക്ലാസെടുക്കല്‍ ഉണ്ടാകുമെന്നും ആര്യ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

‘അല്‍പ്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലയ്ക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥ’, ആര്യ രാജേന്ദ്രന്‍

അല്‍പ്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലയ്ക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥയുണ്ടാകുമെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള്‍ പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണെന്നും മേയര്‍ പറഞ്ഞു.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് മേല്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം.

ഹണി റോസ് എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിനെതിരെ ആദ്യഘട്ടത്തില്‍ രംഗത്ത് വന്നില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വേണമായിരുന്നോ നടികള്‍ക്ക് പ്രതികരിക്കാന്‍, മോശമായ സ്പര്‍ശനം അനുഭവപ്പെടുന്ന സമയം തന്നെ പ്രതികരിക്കേണ്ട, ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെ സമൂഹം ഉയര്‍ത്തുന്ന പ്രതികരണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് മേയറുടെ പ്രതികരണം.

നേരത്തെ, മോശം അനുഭവം ഉണ്ടാകുന്ന സമയം തന്നെ പ്രതികരിച്ചില്ലെങ്കില്‍ അയോഗ്യമാകുന്ന ഒ.ടി.പിയില്ല സ്ത്രീകളുടെ പൗരാവകാശങ്ങള്‍ എന്ന് എഴുത്തുകാരി കെ.ആര്‍. മീരയും പ്രതികരിച്ചിരുന്നു.

നിലവില്‍ ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.  മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

ബോഡി ഷെയിമിങ് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി ബോബി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlight: Instead of the violence faced by women, what is being discussed is the time and manner in which she responded: Arya Rajendran