എന്തിനാണ് മാപ്പ് പറയുന്നത് പകരം മോദിക്ക് മണിപ്പൂര്‍ സന്ദര്‍ശിച്ചാല്‍ പോരെ; പരിഹാസവുമായി കോണ്‍ഗ്രസ്
national news
എന്തിനാണ് മാപ്പ് പറയുന്നത് പകരം മോദിക്ക് മണിപ്പൂര്‍ സന്ദര്‍ശിച്ചാല്‍ പോരെ; പരിഹാസവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 9:21 pm

ന്യൂദല്‍ഹി: രണ്ട് വര്‍ഷമായി തുടരുന്ന മണിപ്പൂരിലെ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ ബിരേന്‍ സിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്.

ലോകമെമ്പാടും ചുറ്റി സഞ്ചരിച്ചിട്ടും എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ജയറാം രമേശ് ചോദിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിക്ക് മണിപ്പൂരില്‍ പോയി അതേ കാര്യം അവിടെ പറയാന്‍ പറ്റുന്നില്ല? 2023 മെയ് നാല് മുതല്‍ അദ്ദേഹം ലോകം ചുറ്റി സഞ്ചരിക്കുമ്പോഴും മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത് മനഃപൂര്‍വം ഒഴിവാക്കി. മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഈ അവഗണന മനസിലാക്കാന്‍ കഴിയുന്നില്ല,’ ജയറാം രമേശ് ചോദിച്ചു. ബിരേന്‍ സിങ്ങിന്റെ ഖേദപ്രകടന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ജയറാം രമേശിന്റ പ്രതികരണം.

കഴിഞ്ഞ ദിവസം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് തനിക്ക് നിലവിലെ മണിപ്പൂരിലെ അവസ്ഥയില്‍ ഖേദം തോന്നുന്നുവെന്നും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം ഉണ്ടായതെന്നും അടുത്ത വര്‍ഷത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സ്വവസതിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിരേന്‍ സിങ് പറഞ്ഞു.

‘ഈ വര്‍ഷം മുഴുവന്‍ വളരെ നിര്‍ഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു.

പലരും വീടുവിട്ടിറങ്ങി. എനിക്ക് ഖേദം തോന്നുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തെ സ്ഥിതി വിലയിരുത്തുമ്പോള്‍ അടുത്ത വര്‍ഷം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നു,’ ബിരേന്‍ സിങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍ വഷളാവുന്നത്. അന്നുമുതല്‍ ഈ വര്‍ഷം അവസാനം വരെ 200ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

അനുദിനം കലാപം വര്‍ധിച്ചുവന്നിട്ടും മണിപ്പൂരിന് നീതി ലഭിച്ചിരുന്നില്ല. നിലവിലും കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിനോട് കണ്ണടയ്ക്കുന്ന സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് 2023 മെയ് മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഇതുവരെ സന്ദര്‍ശനമൊന്നും ഉണ്ടായിട്ടില്ല.

Content Highlight: Instead of apologizing, why can’t Modi visit Manipur, Congress mocks prime minister