ബലാകോട്ട് ആക്രമണത്തില്‍ പാക് നയതന്ത്രജ്ഞന്റെ പ്രസ്താവന വളച്ചൊടിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദിക്ക് സ്തുതി പാടി; ഫാക്ട് ചെക്ക്
national news
ബലാകോട്ട് ആക്രമണത്തില്‍ പാക് നയതന്ത്രജ്ഞന്റെ പ്രസ്താവന വളച്ചൊടിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദിക്ക് സ്തുതി പാടി; ഫാക്ട് ചെക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 12:10 pm

ന്യൂദല്‍ഹി: ബലാകോട്ട് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് നയതന്ത്രജ്ഞന്‍ പറഞ്ഞുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തെറ്റെന്ന് ഫാക്ട് ചെക്കിങ്ങ് സൈറ്റായ ആള്‍ട്ട് ന്യൂസ്.

ഇതുമായി ബന്ധപ്പെട്ട ഒറിജിനല്‍ വീഡിയോകളും റിപ്പോര്‍ട്ടുകളും പരിശോധിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് ന്യൂസ് ഇന്ത്യന്‍ മാധ്യമങ്ങളുടെ അവകാശവാദത്തിലെ വസ്തുതാപരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്.

2019 ഫെബ്രുവരിയില്‍ നടന്ന ബലാകോട്ട് ആക്രമണത്തില്‍ 300 പാകിസ്താന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് പാക് നയതന്ത്രജ്ഞന്‍ സമ്മതിച്ചു എന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സത്യത്തില്‍ ഒരു ചര്‍ച്ചയില്‍ പാക് നയതന്ത്രജ്ഞന്‍ സഫര്‍ ഹിലായ് പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സഫര്‍ ഹിലായ് ചര്‍ച്ചയില്‍ പറഞ്ഞത് ഇങ്ങിനെയാണ്.

 

” ഇന്ത്യ യുദ്ധത്തിനുള്ള ശ്രമമാണ് നടത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിക്കുന്നത് വഴി ഇന്ത്യ ഏകദേശം മുന്നൂറ് പേരെ കൊല്ലാന്‍ പ്രാപ്തമായ വിധത്തിലുള്ള ആക്രമണത്തിനാണ് പദ്ധതിയിട്ടത്,” എന്നായിരുന്നു ഹിലായ് പറഞ്ഞത്. എന്നാല്‍ ഇത് പിന്നീട് ഇന്ത്യങ്ങള്‍ മാധ്യമങ്ങള്‍ പാക് നയതന്ത്രജ്ഞന്‍ ബലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം 300 പേരെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

300ലധികം കുട്ടികള്‍ പഠിക്കുന്ന മദ്രസകളില്‍ ബോംബിട്ട് അവരെ കൊലപ്പെടുത്താനായിരുന്നു ബലാകോട്ട് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും എന്നാല്‍ അവര്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ ഒരു ഫൂട്‌ബോള്‍ ഗ്രൗണ്ടില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും പാക് നയതന്ത്രജ്ഞന്‍ പറഞ്ഞതായി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി ഒറിജിനല്‍ വീഡിയോയുടെ സഹായങ്ങള്‍ മാധ്യമങ്ങള്‍ തേടിയില്ല. ഒരു ട്വിറ്റര്‍ ഉപയോക്താവ് അപ്‌ലോഡ് ചെയ്ത വീഡിയോ ഉപയോഗിച്ചാണ് റിപ്പബ്ലിക്ക് ടി.വി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വീഡിയോ എഡിറ്റ് ചെയ്തതുമാണ്. പ്രനൗണ്‍സിയേഷന്‍ അടക്കം മാറ്റിയ വിധത്തിലാണ് ഈ ട്വിറ്റര്‍ ഉപയോക്താവ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indian media falsely claims ex-Pak diplomat admits 300 killed in Balakot airstrike