പക്വതയില്ലാത്ത ഇവനെയൊക്കെ ആരാണ് പിടിച്ച് ക്യാപ്റ്റനാക്കിയത്, ഞാനവിടെ ഉണ്ടായിരുന്നുവെങ്കില്‍ അവന്‍ ഒരിക്കലും ക്യാപ്റ്റനാവില്ലായിരുന്നു; പന്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ഇതിഹാസം
Sports News
പക്വതയില്ലാത്ത ഇവനെയൊക്കെ ആരാണ് പിടിച്ച് ക്യാപ്റ്റനാക്കിയത്, ഞാനവിടെ ഉണ്ടായിരുന്നുവെങ്കില്‍ അവന്‍ ഒരിക്കലും ക്യാപ്റ്റനാവില്ലായിരുന്നു; പന്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd June 2022, 2:32 pm

ഇന്ത്യന്‍ ടി-20 ടീം ക്യാപ്റ്റന്‍ റിഷബ് പന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍  സെലക്ടറുമായ മദന്‍ ലാല്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പോലൊരു ടീമിനെ നയിക്കാന്‍ പന്തിന് പക്വതയായിട്ടില്ലെന്നും താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ പന്ത് ഒരിക്കലും ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മദന്‍ ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘അവന്‍ ക്യാപ്റ്റനാവുന്നത് ഞാന്‍ എന്തുവന്നാലും തടയുമായിരുന്നു. ഒരിക്കലും ഞാനതിന് സമ്മതിക്കുമായിരുന്നില്ല. കാരണം ഇത്തരമൊരു കളിക്കാരന് ഉത്തരവാദിത്തങ്ങള്‍ പിന്നീടാണ് നല്‍കേണ്ടത്.

ഇന്ത്യയുടെ ക്യാപ്റ്റനാവുക എന്നത് വലിയ കാര്യമാണ്. അവന്‍ യുവതാരം മാത്രമാണ്. അവന്‍ അടുത്തെങ്ങും എങ്ങോട്ടും പോകാന്‍ പോവുന്നില്ല. അവന്‍ എത്ര കാലം കളിക്കുന്നോ, ആ സമയത്താണ് അവന്‍ പക്വത നേടാന്‍ പോവുന്നത്,’ മദന്‍ ലാല്‍ പറയുന്നു.

കളിക്കളത്തില്‍ പന്ത് ഇനിയും പക്വത കാണിക്കണമെന്നും അദ്ദേഹം പറയുന്നു.

‘അടുത്ത രണ്ട് വര്‍ഷക്കാലം അവന് മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുകയും അടുത്ത ലെവലിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയും ചെയ്താല്‍ അവന് നല്ല ഒരു ക്യാപ്റ്റനാവാനും കാര്യങ്ങള്‍ കൂടുതല്‍ പക്വതയോടെ കൈകാര്യം ചെയ്യാനും സാധിക്കും.

ഇവന്റെ സ്വഭാവം വ്യത്യസ്തമാണ്. എം.എസ്. ധോണി മികച്ച ഒരു ക്യാപ്റ്റനായിരുന്നു, ക്യാപ്റ്റന്‍സി അദ്ദേഹത്തിന് യോജിക്കുകയും ചെയ്തിരുന്നു. വിരാടും മികച്ച ഒരു ബാറ്ററാണ്.

പന്ത് ഇങ്ങനെ ബാറ്റ് ചെയ്യരുതെന്നല്ല, കൂടുതല്‍ പക്വതയോടെ കളിക്കണമെന്നുമാത്രമാണ് ഞാന്‍ പറയുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് മുന്നോടിയായി നായകന്‍ കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് വൈസ് ക്യാപ്റ്റനായ പന്തിനെ തേടി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെത്തിയത്.

എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പന്ത് പരാജയം തന്നെയായിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല, ബാറ്റര്‍ എന്ന നിലയിലും പന്തിന് ശോഭിക്കാനായില്ല. ക്യാപ്റ്റന്‍സിയുടെ അധികഭാരം ചുമക്കാനാവാതെ ഉഴറുന്ന പന്തിനെയാണ് സീരീസില്‍ ഉടനീളം കണ്ടത്.

ആദ്യ രണ്ട് കളിയിലും തോറ്റ് ഉഴറിയ ഇന്ത്യന്‍ ടീമിന്റെ പരമ്പരയിലേക്കുള്ള തിരിച്ചുവരവായിരുന്നു പിന്നീട് കണ്ടത്. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ച് പ്രോട്ടീസിനൊപ്പമെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ ഇരുടീമും കിരീടം പങ്കിടുകയായിരുന്നു.

 

Content Highlight: Indian Cricket Legend Madan Lal Criticize Indian T20 Captain Rishabh Pant