തിരുവനന്തപുരം: കേരളത്തില്‍ ആകെ 104 പാകിസ്ഥാന്‍കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 104 പേരില്‍ 45 പേര്‍ താത്കാലിക വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലുമാണ് കേരളത്തിലെത്തിയത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച ഒരാള്‍ ജയിലിലുമാണ്.
ഇവരില്‍ താത്കാലിക വിസയില്‍ കഴിയുന്നവര്‍ ഇതിനകം പാകിസ്ഥാനിലേക്ക് മടങ്ങിക്കഴിഞ്ഞു. എട്ടോളം താത്കാലിക വിസയുള്ളവരാണ് തിരിച്ച് പോയത്. ദീര്‍ഘകാല വിസയുള്ളവര്‍ കേരളത്തില്‍ തുടരുന്നതില്‍ തടസമില്ല. എന്നാല്‍ ഇവരില്‍ പലരുടേയും വിസ കാലാവധി കഴിഞ്ഞതിനാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം തേടിയിട്ടുണ്ട്.
എന്നാല്‍ മാതാപിതാക്കള്‍ പാക്കിസ്ഥാനികളായതിനാല്‍ അവിടെ ജനിച്ച് പിന്നീട് കുടുംബത്തിനൊപ്പം കേരളത്തിലേക്ക് കുടിയേറിയവരുമുണ്ട്. അവരില്‍ പലരുടേയും കുട്ടികള്‍ ജനിച്ചത് പാകിസ്ഥാനില്‍ ആണെങ്കിലും നിലവില്‍ ഇന്ത്യയിലാണ് താമസം.
കൂടാതെ മലയാളികളെ വിവാഹം ചെയ്ത് കേരളത്തിലേക്ക് കുടിയേറിവരുമുണ്ട്. ഇവരില്‍ പലരുടേയും വിസ കാലാവധിയും കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.
മെഡിക്കല്‍ വിസയിലുള്ളവര്‍ 29നും ടൂറിസ്റ്റ് വിസയില്‍ ഉള്ളവര്‍ 27നുള്ളില്‍ രാജ്യം വിടണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പാക് സ്വദേശികളുള്ളത്. 71 പേരോളം കണ്ണൂരിലുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം പാക് പൗരന്മാര്‍ക്ക് മടങ്ങി പോവാനുള്ള സമയപരിധി അവസാനിക്കുന്നതിനാല്‍ വാഗ-അട്ടാരി അതിര്‍ത്തിയില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. മടങ്ങി പോകുന്നവര്‍ക്ക് പാകിസ്ഥാന്‍ വിസ നല്‍കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യ പാക് നയതന്ത്ര ഉദ്യോഗസ്ഥരോടും ഉടന്‍ ഇന്ത്യ വിടാന്‍ നിര്‍ദേശിച്ചിരുന്നു.
പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ച് വിളിച്ചിട്ടുണ്ട്. പാക് നയതന്ത്ര പ്രതിനിധികള്‍ക്ക് രാജ്യത്ത് നിന്ന് മടങ്ങാന്‍ രണ്ടാഴ്ച്ച സമയം അനുവദിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സിന്ധു നദീതട കരാറും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്ഥാനും പ്രതികാര നടപടിയുമായി രംഗത്തെത്തിയിരുന്നു. വ്യോമപാത അടച്ച പാകിസ്ഥാന്‍ ഇന്ത്യക്കാരോട് ഉടന്‍ രാജ്യം വിട്ട് പോവാന്‍ നിര്‍ദേശിക്കുകയും ഷിംല കരാറില്‍ നിന്ന് പിന്മാറുന്നതായും പ്രഖ്യാപിച്ചിരുന്നു.
Content Highlight: 104 Pakistanis in Kerala; Those on temporary visas should return immediately