Entertainment
മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍സ് ഉണര്‍ന്നു, ടിക്കറ്റ് ബുക്കിങ്ങില്‍ എമ്പുരാനെയും വീഴ്ത്തി 'തുടരും'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 09:31 am
Saturday, 26th April 2025, 3:01 pm

തുടര്‍ച്ചയായി രണ്ട് സൂപ്പര്‍ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ച് ബോക്‌സ് ഓഫീസിലെ തന്റെ സിംഹാസനം വീണ്ടെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ എമ്പുരാന് പിന്നാലെ ഫാമിലി ഡ്രാമയായെത്തിയ തുടരും സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്.

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനും താരവും ഒരുപോലെ നിറഞ്ഞാടിയ സിനിമയെന്നാണ് പ്രേക്ഷകര്‍ തുടരും എന്ന ചിത്രത്തെ വിശേഷിപ്പിച്ചത്. തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്‍ മോഹന്‍ലാല്‍ എന്ന പെര്‍ഫോമറെ തിരികെ തന്നുവെന്നാണ് ആദ്യ ഷോയ്ക്ക് പിന്നാലെ വന്ന പ്രതികരണങ്ങള്‍. ആദ്യദിനം തന്നെ റെക്കോഡ് ടിക്കറ്റ് വില്പനയാണ് ചിത്രം നടത്തിയത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയില്‍ ആദ്യദിനം നാലര ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രം വിറ്റഴിക്കപ്പെട്ടത്. ഒരു മലയാള സിനിമക്ക് 24 മണിക്കൂറില്‍ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളുടെ റെക്കോഡില്‍ ഒന്നാം സ്ഥാനം തുടരും ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ തന്നെ എമ്പുരാനെ പിന്തള്ളിയാണ് തുടരും ഒന്നാം സ്ഥാനത്തെത്തിയത്.

നാല് ലക്ഷം ടിക്കറ്റുകളാണ് ആദ്യദിനം എമ്പുരാന്‍ വിറ്റഴിച്ചത്. ബോക്‌സ് ഓഫീസിലെ സ്വന്തം റെക്കോഡുകള്‍ തകര്‍ക്കുക എന്ന വിനോദം മോഹന്‍ലാല്‍ തുടരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കംപ്ലീറ്റ് പോസിറ്റീവ് റെസ്‌പോണ്‍സിന് പിന്നാലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റും മോഹന്‍ലാല്‍ തന്റെ പേരില്‍ കുറിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.

ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ റിലീസിന് മുമ്പ് തരുണ്‍ മൂര്‍ത്തി അഭിമുഖത്തില്‍ പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ റിലീസാകുമ്പോള്‍ സപ്പോര്‍ട്ട് ചെയ്യുകയും മോശം സിനിമകള്‍ വരുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ആരാധകര്‍ കേരളത്തിലുണ്ടെന്നും അവര്‍ മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍സ് ആണെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു. തുടരും എന്ന സിനിമ അവരെ ഉദ്ദേശിച്ചാണെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തിരുന്നു.

സിനിമ കണ്ട ശേഷം അജു വര്‍ഗീസ് പങ്കുവെച്ച പോസ്റ്റും ഇതിനോടകം ചര്‍ച്ചയായി. ‘വണ്‍ ഹാപ്പി സ്ലീപ്പര്‍ സെല്‍’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ അജു പങ്കുവെച്ചത്. കേരളത്തിലുടനീളം 250ലധികം എക്‌സ്‌ട്രോ ഷോസ് സിനിമക്കായി ചാര്‍ട്ട് ചെയ്യുകയും ചെയ്തു. രണ്ടാം ദിനവും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്.

Content Highlight: Thudarum movie sold more that 4.5 lakh tickets in Bookmyshow on First day