തിരുവനന്തപുരം: സി.എം.ആര്‍.എല്‍ കേസില്‍ വീണ.ടിയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അസത്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സി.എം.ആര്‍.എല്ലിന് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് എസ്.എഫ്.ഐ.ഒയ്ക്ക് വീണ മൊഴിനല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമെന്നും സി.എം.ആര്‍.എല്‍ കമ്പനിക്ക് സേവനം നല്‍കാതെയാണ് എക്‌സാലോജിക് പണം വാങ്ങിയതെന്ന് എസ്.എഫ്.ഐ.ഓയ്ക്ക് വീണ മൊഴി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസില്‍ നിന്ന് എഴുതിക്കൊടുത്തത് വാര്‍ത്തയാക്കിയാല്‍ മറുപടി പറയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സി.എം.ആര്‍.എല്ലിന് തന്റെ കമ്പനിയായ എക്സാലോജിക് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് വീണ.ടി വെളിപ്പെടുത്തിയതായാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്. എസ്.എഫ്.ഐ.ഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വീണ ഇക്കാര്യം വ്യക്തമാക്കിയതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തത്. ഈ സമയത്ത് സി.എം.ആര്‍.എല്ലിന് ഒരു സേവനങ്ങളും നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 72 സാക്ഷികളും 114രേഖകളുമാണ് എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തിലുള്ളത്.
സി.എം.ആര്‍.എല്ലിന്റേയും എക്സാലോജിക്കിന്റേയും ബുക്ക് ഓഫ് റെക്കോഡ്സ് പ്രകാരമായിരുന്നു എസ്.എഫ്.ഐ.ഒയുടെ ചോദ്യം ചെയ്യല്‍. സ്‌കൂള്‍ മാനേജ്മെന്റ് സംബന്ധിച്ച സോഫ്റ്റവെയര്‍ ആണ് വീണ വിജയന്റെ കമ്പനി തയ്യാറാക്കിയിരിക്കുന്നത്. പിന്നെ എങ്ങനെയാണ് സി.എം.ആര്‍.എല്ലിന് ഐ.ടി സേവനങ്ങള്‍ നല്‍കുക എന്നായിരുന്നു എസ്.എഫ്.ഐ.ഒ പ്രധാനമായും വീണയോട് ചോദിച്ചിരുന്നത്.
അതേസമയം എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രം ഹൈക്കോടതിയുടെ സ്റ്റേയിലാണ്. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടിക്കായി കാത്ത് നില്‍ക്കുകയാണ് എസ്.എഫ്.ഐ.ഒ. ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കുറ്റപത്രം കൈമാറാനുള്ള തയ്യാറെടുപ്പിലാണ് എസ്.എസ്.എഫ്.ഐ.ഒ.
Content Highlight: Those who provide news can be given anything, the news circulating in the name of Veena’s statement is false: Muhammad Riyaz