Entertainment
ചിന്താമണി കൊലക്കേസിലെ ആ വേഷം ഞാന്‍ ചെയ്യാന്‍ ഇരുന്നതായിരുന്നു: ദിനേശ് പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 08:37 am
Saturday, 26th April 2025, 2:07 pm

മലയാളത്തില്‍ ഒരുപിടി സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവും നടനുമാണ് ദിനേശ് പണിക്കര്‍. മോഹന്‍ ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ കിരീടം എന്ന സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയായാണ് ദിനേശ് സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ദിനേശ് പണിക്കര്‍ ശ്രദ്ധേയനായി. സീരിയല്‍ നടന്‍ എന്ന നിലയിലും അദ്ദേഹം അഭിനയത്തില്‍ സജീവമായിരുന്നു.

ഇപ്പോള്‍ ചിന്താമണി കൊലക്കേസിലെ പ്രേം പ്രകാശ് ചെയ്ത വേഷം താന്‍ ചെയ്യേണ്ടിയിരുന്നതാണെന്ന് പറയുകയാണ് ദിനേശ് പണിക്കര്‍.

ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തില്‍ പ്രേം പ്രകാശ് ചെയ്ത വേഷം തന്നോട് ചെയ്യാന്‍ പറഞ്ഞതാണെന്നും സിനിമയുടെ പ്രൊഡ്യൂസറും താനുമായി നല്ല സൗഹൃദത്തിലായതിനാല്‍ തനിക്ക് വേണ്ടി മാറ്റി വെച്ച റോള്‍ ആയിരുന്നു അതെന്നും ദിനേശ് പറയുന്നു. അന്ന് താന്‍ സീരിയലില്‍ നല്ല ആക്ടീറ്റാവായിരുന്നുവെന്നും അതുകൊണ്ട് ഡേയ്‌റ്റൊക്കെ ക്ലാഷായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ രഞ്ജിത്തിന്റെ അടുത്ത് എന്നെ ആ വേഷത്തില്‍ നിന്ന് മാറ്റിക്കോളാന്‍ പറയുകയായിരുന്നുവെന്നും ദിനേശ് പറഞ്ഞു.

ഷാജി കൈലാസുമായുള്ള ബന്ധം പോകേണ്ടെന്ന് പറഞ്ഞ് താന്‍ തന്നെ മാറ്റിക്കോളാന്‍ രഞ്ജിത്തിനോട് പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ദിനേശ് പണിക്കര്‍.

ചിന്താമണി കൊലക്കേസില്‍ പ്രേം പ്രകാശ് ചെയ്ത വേഷം ചെയ്യാന്‍ സത്യം പറഞ്ഞാല്‍ എന്നെയാണ് വിളിച്ചത്. രഞ്ജിത്താണ് അതിന്റെ പ്രൊഡ്യൂസര്‍. ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പം ആയതിനാല്‍ ആ വേഷം എനിക്ക് വേണ്ടി മാറ്റി വെച്ചു. അദ്ദേഹം എന്നോട് ഡേയ്റ്റ് പറഞ്ഞു. പക്ഷേ അന്ന് ഞാന്‍ സീരിയലില്‍ ഭയങ്കര ആക്റ്റീവാണ്. 30 ദിവസമുണ്ടെങ്കില്‍ 28 ദിവസവും സീരിയലില്‍ ആയിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘ ഞാന്‍ ആ തീയതിക്കാണ് സീരിയലില്‍ കൊടുത്തത്. അപ്പോള്‍ രഞ്ജിത്ത് ‘ചേട്ടന്‍ എന്ന് ഫ്രീ ആവും എന്ന് ചോദിച്ചു. ഞാന്‍ 8,9 എന്നൊക്കെ പറഞ്ഞ് വേറെ ഒരു ഡേയ്റ്റ് പറഞ്ഞു. അപ്പോള്‍ ആ വേഷം ഇവര്‍ എനിക്ക് വേണ്ടി മാറ്റി വെച്ചു. അത് കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോഴും എനിക്ക് സമയമില്ലായിരുന്നു. ഈ സീരിയലിന്റെ പേര് പറഞ്ഞ് ഞാന്‍ രണ്ട് മൂന്ന് പ്രാവശ്യം അത് മാറ്റി.

പിന്നീട് അവര്‍ക്ക് നല്ല ബുദ്ധിമുട്ടായി. കാരണം സുരേഷ് ഗോപിയായിട്ടൊക്കെ കോമ്പിനേഷന്‍ സീനുകള്‍ ഉള്ളതാണ്. ആ സമയം ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു. ‘രഞ്ജിത്തേ ഷാജി കൈലാസുമായിട്ടുള്ള ബന്ധം കൂടെ പോകും ഇപ്പോള്‍ തത്ക്കാലം എന്നെ മാറ്റിക്കോ’ ആ നെഗറ്റീവ് വേഷം പണ്ടേ ഞാന്‍ ചെയ്യണ്ടതായിരുന്നു. അത് ചെയ്യാന്‍ എനിക്ക് വിധിച്ചിട്ടില്ലായിരുന്നു. അത് പ്രേം പ്രകാശ് ആണ് ചെയ്തത്,’ ദിനേശ് പണിക്കര്‍ പറയുന്നു.

Content Highlight:  Dinesh Panicker says that I was meant to play that role in the Chintamani Kolacase movie