Entertainment
ഇന്നിപ്പോൾ കഥ കേൾക്കേണ്ടെന്ന് ജയറാം, അന്ന് രാത്രി ഞാൻ അറിയുന്നത് അഭിനയിക്കാൻ താത്പര്യമില്ലെന്ന്: സംവിധായകൻ തുളസീദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 09:13 am
Saturday, 26th April 2025, 2:43 pm

തുളസീദാസ് സംവിധാനം ചെയ്ത് ദിലീപ്, കുഞ്ചാക്കോ ബോബൻ,കാവ്യ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷത്തിലെത്തിയ സിനിമയാണ് ദോസ്ത്. ഉദയകൃഷ്ണ, സിബി. കെ. തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. . കൊട്ടാരക്കര ഫിലിംസിന്റെ ബാനറിൽ യമുനയാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ തുളസീദാസ്.

ആദ്യം ജയറാമിനോടാണ് കഥ പറയാൻ പോയതെന്നും താനും ഉദയകൃഷ്ണനും കൂടിയാണ് ജയറാമിനെക്കാണാൻ പോയതെന്നും അപ്പോൾ ഉത്തമൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നെന്നും തുളസീദാസ് പറയുന്നു.

അവിടെ ചെന്നപ്പോൾ രവി കൊട്ടാരക്കര ഉണ്ടായിരുന്നെന്നും ഇതിന് മുമ്പ് സിനിമ ചെയ്തപ്പോള്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഇവർ തമ്മിലുണ്ടായെന്നും തുളസീദാസ് പറഞ്ഞു.

രവി കൊട്ടാരക്കരയാണോ പ്രൊഡ്യൂസറെന്നും തന്നോട് എന്താണ് പറയാത്തതെന്നും ജയറാം ചോദിച്ചുവെന്നും എന്നാൽ പറയേണ്ട കാര്യമില്ലല്ലോ ഇവിടെ വരുമ്പോള്‍ കാണാമല്ലോ കഥ പറയാനല്ലോ വന്നത് എന്നാണ് താൻ മറുപടി പറഞ്ഞതെന്നും തുളസീദാസ് വ്യക്തമാക്കി.

എന്നാൽ അപ്പോൾ തനിക്ക് ക്ഷീണമാണെന്നും ഇന്നിപ്പോള്‍ കഥ കേള്‍ക്കേണ്ടെന്നുമാണ് ജയറാം പറഞ്ഞതെന്നും തുളസീദാസ് പറഞ്ഞു. അപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് മനസിലായെന്നും പിന്നെ രാജസേനൻ തന്നെ വിളിച്ച് ജയറാമിന് ചെയ്യാൻ താത്പര്യമില്ലെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

തനിക്കത് ഫീൽ ആയെന്നും അപ്പോൾ തന്നെ കൊട്ടാരക്കരയോട് ജയറാമിന് അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ‘പറഞ്ഞ ഡേറ്റിന് തുളസീദാസ് ഒരു പടം ചെയ്യ്. ആരായാലും എനിക്ക് കുഴപ്പമില്ല’ എന്നാണ് കൊട്ടാരക്കര പറഞ്ഞതെന്നും തുളസീദാസ് കൂട്ടിച്ചേർത്തു.

സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം ജയറാമിനോടാണ് കഥ പറയാൻ പോകുന്നത്. ഞാനും ഉദയ കൃഷ്ണനും ജയറാമിനെക്കാണാന്‍ പോയി. ഉത്തമന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തേക്കാണ് പോകുന്നത്. ഞാന്‍ വിളിച്ചുപറഞ്ഞിട്ടാണ് ചെല്ലുന്നത്.

അവിടെച്ചെന്നപ്പോള്‍ എന്റെ പുറകില്‍ നിൽക്കുന്നത് രവി കൊട്ടാരക്കരയാണ് അതായത് കെ.പി. കൊട്ടാരക്കരയുടെ മകനാണ്. ഇതിന് മുമ്പ് സിനിമ ചെയ്തപ്പോള്‍ എന്തോ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഇവര്‍ തമ്മിലുണ്ടായി. അപ്പോള്‍ എന്നോട് ജയറാം ചോദിച്ചു ‘രവി കൊട്ടാരക്കരയാണോ പ്രൊഡ്യൂസര്‍, അതെന്താ പറഞ്ഞില്ലല്ലോ’ എന്ന്.

‘പറയേണ്ട കാര്യമില്ലല്ലോ ഇവിടെ വരുമ്പോള്‍ കാണാമല്ലോ, കഥ പറയാനല്ലോ വന്നത്’ എന്നാണ് ഞാന്‍ പറഞ്ഞത്. ഉടനെത്തന്നെ ജയറാം പറഞ്ഞു ‘എനിക്ക് ഭയങ്കര ക്ഷീണം. ഇന്നിപ്പോള്‍ കഥ കേള്‍ക്കണ്ട’ എന്ന്.

പിന്നെ എന്തോ പ്രശ്‌നം ഉണ്ടെന്ന് എനിക്ക് മനസിലായി. പിന്നെ അന്ന് രാത്രി ഞാന്‍ അറിയുന്നത് ജയറാമിന് ഈ പ്രൊജക്ട് ചെയ്യാന്‍ താത്പര്യമില്ല എന്നാണ് അത് രാജസേനന്‍ ആണ് എന്നെ വിളിച്ചുപറയുന്നത്. എനിക്കത് ഭയങ്കരമായി ഫീല്‍ ചെയ്തു.

ഞാന്‍ പിറ്റേ ദിവസം ജയറാമിനെ വിളിച്ചു. എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞൂടെ? അത് രാജസേനനെ വിളിച്ചിട്ട് എന്നോട് പറയേണ്ട കാര്യമില്ലല്ലോ? അപ്പോള്‍ ഞാന്‍ കൊട്ടാരക്കര സാറിനോട് പറഞ്ഞു ഈ സിനിമയില്‍ ജയറാം അഭിനിയിക്കില്ല.

അപ്പോള്‍ കൊട്ടാരക്കരക്ക് വാശിയായി. ‘ഈ പറഞ്ഞ ഡേറ്റിന് തുളസീദാസ് ഒരു പടം ചെയ്യ്. ആരായാലും എനിക്ക് കുഴപ്പമില്ല’ എന്ന്. അങ്ങനെയാണ് ദോസ്ത് ചെയ്യുന്നത്,’ തുളസീദാസ് പറയുന്നു.

Content Highlight: Jayaram said he didn’t want to listen to the story now saying Director Thulasidas