തോല്‍ക്കാതെ തോറ്റ് അഫ്ഗാന്‍; ഇന്ത്യക്ക് സ്വര്‍ണ'മഴ'
Asian Games
തോല്‍ക്കാതെ തോറ്റ് അഫ്ഗാന്‍; ഇന്ത്യക്ക് സ്വര്‍ണ'മഴ'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th October 2023, 3:12 pm

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയം. ഫൈനലില്‍ ഇന്ത്യ – അഫ്ഗാന്‍ പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ടോപ് സീഡ് റൂള്‍ പ്രകാരം ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 27ാം സ്വര്‍ണമാണിത്. ഇതോടെ മെഡല്‍ നേട്ടം 102 ആയും ഉയര്‍ന്നു.

ZJUT സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകായിരുന്നു. ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ഇന്ത്യ അഫ്ഗാനെ ആക്രമിച്ചിരുന്നു. ഇന്ത്യന്‍ ബൗളിങ്ങിന് മുമ്പില്‍ റണ്ണെടുക്കാന്‍ പാടുപെട്ട അഫ്ഗാനെയായിരുന്നു ഏഷ്യന്‍ ഗെയിംസ് കണ്ടത്.

രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ശിവം ദുബെ ആദ്യ രക്തം ചിന്തി. സുബൈദ് അക്ബാരിയെ അര്‍ഷ്ദീപിന്റെ കൈകളിലെത്തിച്ച് ദുബെ മടക്കി. എട്ട് പന്തില്‍ അഞ്ച് റണ്‍സായിരുന്നു അക്ബാരിയുടെ സമ്പാദ്യം.

മുഹമ്മദ് ഷഹസാദ് നാല് റണ്‍സിനും നൂര്‍ അലി ഒറ്റ റണ്ണിനും മടങ്ങിയപ്പോള്‍ അഫ്ഗാന്‍ 12 റണ്‍സിന് മൂന്ന് എന്ന നിലയിലേക്ക് വീണു.

എന്നാല്‍ ഷാഹിദുള്ള പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. 43 പന്തില്‍ പുറത്താകാതെ 49 റണ്‍സാണ് ഷാഹിദുള്ള സ്വന്തമാക്കിയത്. 24 പന്തില്‍ 27 റണ്‍സുമായി ക്യാപ്റ്റന്‍ ഗുലാബ്ദീന്‍ നയീബും മികച്ച പിന്തുണ നല്‍കി.

എന്നാല്‍ 19ാം ഓവറിലെ രണ്ടാം പന്തില്‍ മഴയെത്തിയതോടെ അഫ്ഗാന്റെ സ്വര്‍ണമോഹങ്ങള്‍ ഒലിച്ചുപോയി.

18.2 ഓവറില്‍ 112 റണ്‍സിന് അഞ്ച് എന്ന നിലയിലെത്തി നില്‍ക്കവെ മഴയെത്തുകയും സാഹചര്യം പ്രതികൂലമായതിനാല്‍ മത്സരം ഉപേക്ഷിക്കുകയുമായിരുന്നു. മത്സരത്തിന് റിസര്‍വ് ഡേ പ്രഖ്യാപിക്കാത്തതും അഫ്ഗാന് തിരിച്ചടിയായി.

ഇന്ത്യക്കായി രവി ബിഷ്‌ണോയ്, ശിവം ദുബെ, അര്‍ഷ്ദീപ് സിങ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അലി റണ്‍ ഔട്ടായി.

പാകിസ്ഥാനെ തകര്‍ത്ത് ഫൈനലിലെത്തിയ ഗുലാബ്ദീന്‍ നായിബും സംഘവും ഒരിക്കലും ആഗ്രഹിക്കാത്ത ഫലമാണ് കലാശപ്പോരാട്ടം സമ്മാനിച്ചത്. ബംഗ്ലാദേശിനെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.

 

നേരത്തെ ഇന്ത്യന്‍ വനിതകളും ക്രിക്കറ്റില്‍ സ്വര്‍ണം നേടിയിരുന്നു.

 

Content Highlight: India wins gold in Asian Games Men’s Cricket