ഒറ്റ ഇന്നിങ്‌സില്‍ സേവാഗിനെ മറികടന്നത് രണ്ട് തവണ; നാല് റണ്ണിന് നഷ്ടമായത് ഐതിഹാസിക റെക്കോഡ്
Sports News
ഒറ്റ ഇന്നിങ്‌സില്‍ സേവാഗിനെ മറികടന്നത് രണ്ട് തവണ; നാല് റണ്ണിന് നഷ്ടമായത് ഐതിഹാസിക റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd February 2024, 1:07 pm

സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന്റ ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 290 പന്ത് നേരിട്ട് 209 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്‌സറും 19 ഫോറും അടങ്ങുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടമാണ് ജെയ്‌സ്വാള്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്.

ഈ ഡബിള്‍ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല തകര്‍പ്പന്‍ റെക്കോഡുകളും ജെയ്‌സ്വാളിനെ തേടിയെത്തിയിരിരുന്നു. ഇന്ത്യ 400 റണ്‍സില്‍ കുറവ് നേടിയപ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് താരം എന്ന റെക്കോഡാണ് ഇതിലൊന്ന്. വെറും നാല് റണ്‍സിനാണ് ജെയ്‌സ്വാളിന് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായത്.

ഇന്ത്യ 400 റണ്‍സില്‍ താഴെ നേടിയപ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ദിലീപ് സര്‍ദേശായി – 212 – വെസ്റ്റ് ഇന്‍ഡീസ് – 1971

യശസ്വി ജെയ്‌സ്വാള്‍ – 209 – ഇംഗ്ലണ്ട് – 204

അന്‍ഷുമന്‍ ഗെയ്ക്വാദ് – 201 – പാകിസ്ഥാന്‍ – 1983

വിരേന്ദര്‍ സേവാഗ് – 201 – ശ്രീലങ്ക – 2008

വിരേന്ദര്‍ സേവാഗ് – 195 – ഓസ്‌ട്രേലിയ – 203

ഇതിന് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ഇന്ത്യന്‍ താരം എന്ന നേട്ടവും ജെയ്‌സ്വാള്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തു. 22 വയസും 36 ദിവസവും പ്രായമുണ്ടായിരിക്കവെയാണ് ജെയ്സ്വാള്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരങ്ങള്‍

(താരം – പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

വിനോദ് കാംബ്ലി – 21 വയസും 31 ദിവസവും – ഇംഗ്ലണ്ട് – 1993

സുനില്‍ ഗവാസ്‌കര്‍ – 21 വയസും 277 ദിവസവും – വെസ്റ്റ് ഇന്‍ഡീസ് – 1971

യശസ്വി ജെയ്സ്വാള്‍ – 22 വയസും 36 ദിവസവും – ഇംഗ്ലണ്ട് – 2024

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. 17 പന്തില്‍ 21 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ രജത് പാടിദാറാണ് ഡക്കറ്റിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്.

നിലവില്‍ 18 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 91 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 63 പന്തില്‍ 63 റണ്‍സ് നേടിയ സാക്ക് ക്രോളിയും 28 പന്തില്‍ പത്ത് റണ്‍സടിച്ച ഒല്ലി പോപ്പുമാണ് ക്രീസില്‍.

 

Content highlight: India vs England: 2nd Test: Yashasvi Jaiswal secured yet another record