national news
'ഇന്ത്യ' ഇന്ന് മണിപ്പൂരിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 28, 06:28 pm
Friday, 28th July 2023, 11:58 pm

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിലാണ് ഇന്ത്യ സംഘം വീണ്ടും മണിപ്പൂരിലേക്ക് തിരിക്കുന്നത്.

16 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും 20 എം.പിമാര്‍ ദല്‍ഹിയില്‍ നിന്നുമുള്ള  വിമാനത്തില്‍ മണിപ്പൂരിലേക്ക് തിരിക്കും. ഞായറാഴ്ച സംഘം ഗവര്‍ണറെ കാണും.

മുസ്ലിം ലീഗിന്റെ പ്രതിനിധിയായി ഇന്ത്യ സംഘത്തോടൊപ്പം മണിപ്പൂരിലേക്ക് പോവുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഫേസ്ബുക്കില്‍ കുറിച്ചു. എംപിമാരായ എ.എ. റഹീം, എന്‍.കെ. പ്രേമചന്ദ്രന്‍, മുഹമ്മദ് ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടാവും. കുകി, മെയ്‌തേയ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രാഷ്ട്രപതിക്കും സര്‍ക്കാരിനും ഞായറാഴ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ് (കോണ്‍ഗ്രസ്),  ലാലന്‍ സിംഗ് (ജനതാദള്‍ (യുണൈറ്റഡ്), കനിമൊഴി കരുണാനിധി ( ദ്രാവിഡ മുന്നേറ്റ കഴകം), സുശീല്‍ ഗുപ്ത (ആം ആദ്മി പാര്‍ട്ടി), സുഷ്മിത ദേവ്, (തൃണമൂല്‍ കോണ്‍ഗ്രസ്),  മനോജ് ഝാ (ആര്‍.ജെ.ഡി), ജാവേദ് അലിഖാന്‍ (സമാജ്‌വാദി പാര്‍ട്ടി), പി. സന്തോഷ് കുമാര്‍ (സി.പി.ഐ), മഹുവ മാജി (ജെ.എം.എം), മുഹമ്മദ് ഫൈസല്‍ (എന്‍.സി.പി), സുശീല്‍ ഗുപ്ത (ആം ആദ്മി പാര്‍ട്ടി), അരവിന്ദ് സാവന്ത് (ശിവസേന), തിരുമാവളവന്‍ -(വി.സി.കെ), ജയന്ത് ചൗധരി -(ആര്‍.എല്‍.ഡി) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും മണിപ്പൂരിലേക്ക് പോകുന്ന സംഘത്തിലുള്ളവര്‍.

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് പുതിയ സന്ദര്‍ശനം.

Content Highlight: ‘India’, the alliance of opposition parties, will visit Manipur