ജൂലൈ അഞ്ച് മുതല്‍ ആരംഭിക്കുന്ന ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തി. ടി-20 ലോകകപ്പ് ടീമിന്റെ ഭാഗമായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജെയ്‌സ്വാള്‍ എന്നിവര്‍ക്ക് പകരക്കാരായ മൂന്ന് താരങ്ങളെയും ഇന്ത്യ തെരഞ്ഞെടുത്തത്.
കഴിഞ്ഞവര്‍ഷം സൗത്ത് ആഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ സായ് സുദര്‍ശന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യക്കായി മൂന്ന് ഏകദിന മത്സരങ്ങള്‍ കളിച്ച സായ് രണ്ട് അര്‍ധസെഞ്ച്വറികള്‍ അടക്കം 127 റണ്‍സ് ആണ് നേടിയിട്ടുള്ളത്.
കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയും തകര്‍പ്പന്‍ പ്രകടനമായിരുന്നു തമിഴ്‌നാട്ടുകാരന്‍ കാഴ്ചവെച്ചത്. 12 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 527 റണ്‍സ് ആണ് താരം നേടിയത്.
കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ആയിരുന്നു ജിതേഷ് ഇന്ത്യന്‍ ജേഴ്‌സി ആദ്യമായി അണിഞ്ഞത്. ഇന്ത്യയ്‌ക്കൊപ്പം ഒമ്പത് ടി-20 മത്സരങ്ങളിലാണ് പഞ്ചാബ് കിങ്സ് വൈസ് ക്യാപ്റ്റന്‍ കളിച്ചത്.
നിലവിലെ ഐ.പി.എല്‍ ചാമ്പ്യന്മാരായ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹര്‍ഷിത് റാണക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനുള്ള സുവര്‍ണാവസരമാണ് മുന്നിലെത്തി നില്‍ക്കുന്നത്. കൊല്‍ക്കത്തക്കായി 13 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് റാണ നേടിയത്.
അതേസമയം ഈ പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ സഞ്ജു സാംസണ്‍, യശസ്വി ജെയ്സ്വാള്‍, ശിവം ദുബെ എന്നീ താരങ്ങള്‍ ബാര്‍ബഡോസില്‍ നിന്നും നാട്ടിലെത്താന്‍ സാധിക്കാതെ നില്‍ക്കുകയാണ്. ബെറിന്‍ ചുഴലികാറ്റ് വരും ദിവസങ്ങളില്‍ ബാര്‍ബഡോസില്‍ ശക്തമായ രീതിയില്‍ എത്തുമെന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമിന്റെ മടങ്ങിവരവ് വൈകിയത്.
ന്യൂയോര്‍ക്കില്‍ നിന്ന് ദുബായ് വഴി എമിറേറ്റ്‌സ് വിമാനത്തില്‍ ഇന്ത്യയിലേക്ക് പോവാനായിരുന്നു ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥാ ഭീഷണി നിലനിന്നതോടെ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയില്‍ ആവുകയായിരുന്നു.
സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്