Cricket
ഇയാള്‍ സെഞ്ച്വറി അടിച്ചാല്‍ ഇന്ത്യ തോല്‍ക്കില്ല; പക്ഷെ ഇപ്പോള്‍ ടീമില്‍ പോലുമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 06, 06:20 pm
Monday, 6th June 2022, 11:50 pm

ഒരു കൊല്ലം മുമ്പ് വരെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രധാന ഘടകമായിരുന്നു അജിന്‍ക്യ രഹാനെ. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന രഹാനെ പക്ഷെ ഇപ്പോല്‍ ടീമില്‍ പോലുമില്ല. മോശം പ്രകടനമായിരുന്നു താരത്തെ ടീമില്‍ നിന്നും പുറത്താക്കിയത്.

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന രഹാനെ സെഞ്ച്വറിയടിച്ചിരുന്ന കളിയിലൊന്നും ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെ തന്റെ കരിയറില്‍ 15 അന്താരാഷ്ട്ര സെഞ്ച്വറിയാണ് അടിച്ചിട്ടുള്ളത് ഇതില്‍ ഒന്നില്‍ പോലും ഇന്ത്യന്‍ ടീമിന് തോല്‍വി അറിയേണ്ടി വന്നിട്ടില്ല.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ രഹാനെ ടെസ്റ്റില്‍ 12 സെഞ്ച്വറിയും ഏകദിനത്തില്‍ 3 സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്.
2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ രഹാനെ 2014 ലാണ് തന്റെ ആദ്യ സെഞ്ച്വറിയടിച്ചത്.

 

ന്യൂസിലാന്‍ഡിനെതിരെയായിരുന്നു രഹാനെയുടെ സെഞ്ച്വറി നേട്ടം. ന്യൂസിലാന്‍ഡില്‍ വെച്ചേറ്റുമുട്ടിയ മത്സരത്തില്‍ 118 റണ്ണാണ് രഹാനെ അടിച്ചെടുത്തത്. മത്സരം സമനിലയില്‍ കലാഷിക്കുകയായിരുന്നു.

ആ വര്‍ഷം സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിനത്തിലായിരുന്നു രഹാനയുടെ ആദ്യ ഏകദിന സെഞ്ച്വറി. മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഏകദിനത്തില്‍ രണ്ട് സെഞ്ച്വറികള്‍ മാത്രമേ രഹാനെ നേടിയിട്ടുള്ളു.

 

എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായിരുന്നു രഹാനെ. വിദേശ പിച്ചുകളില്‍ റണ്‍സ് കണ്ടെത്താന്‍ രഹാനെക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. രഹാനെ നേടിയ 12 ടെസ്റ്റ് സെഞ്ച്വറികളില്‍ എട്ടെണ്ണവും ഇന്ത്യക്ക് പുറത്തായിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നേടിയ 188 റണ്ണാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2020ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 112 റണ്ണാണ് താരം അവസാനമായി നേടിയ സെഞ്ച്വറി. മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

പിന്നീടുള്ള തന്റെ കരിയറില്‍ മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. പതിയെ ടീമില്‍ നിന്നും സ്ഥാനവും നഷ്ടമായി.

ഇനി ടീമിലേക്ക് തിരിച്ചുവരുവാന്‍ രഹാനെക്ക് കഠിന പ്രയത്‌നം തന്നെ വേണ്ടിവരും.

Content Highlights : India never lost a match whnever Ajinkya rahane scored a century