ലീഡ്‌സ്: ഇന്ത്യന്‍ താരങ്ങളെ ഇനി പ്രകോപിപ്പിക്കില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് റൂട്ടിന്റെ പ്രതികരണം.
‘കളിയുമായി ബന്ധപ്പെട്ട് ഇത്തരം നാടകീയ സംഭവങ്ങള്‍ പതിവാണ്. മത്സരത്തെ മുന്‍കൂട്ടി പദ്ധതിയിടുന്ന വിധത്തില്‍ തന്നെ സമീപിക്കാനാണ് ശ്രമിക്കുക. ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യം. സത്യസന്ധമല്ലാത്ത ഒന്നിലേക്കും ശ്രദ്ധ മാറാതിരിക്കാന്‍ ശ്രദ്ധ ചെലുത്തും,’ റൂട്ട് പറഞ്ഞു.
വ്യക്തികളെന്ന നിലയിലും ടീമെന്ന നിലയിലും സ്വാഭാവികമായ പ്രകടനം പുറത്തെടുക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുകയെന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ടെസ്റ്റില്‍നിന്ന് തങ്ങള്‍ ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുമായി ഇംഗ്ലീഷ് താരങ്ങളില്‍ ചിലര്‍ കോര്‍ത്തിരുന്നു. പൊതുവെ ശാന്തശീലനായ ബുംറയേയും പ്രകോപിപ്പിക്കാന്‍ സീനിയര്‍ താരം ആന്‍ഡേഴ്‌സണ്‍ അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു.
വാക്‌പോരിനൊടുവില്‍ വാശി കയറിയ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്ത അവിശ്വസനീയ പ്രകടനമാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ ടീമിന് വിജയം സമ്മാനിച്ചത്. അനാവശ്യ വാക്‌പോര് ഇന്ത്യന്‍ വിജയത്തെ സ്വാധീനിച്ചെന്ന വിലയിരുത്തലിന്റെ വെളിച്ചത്തിലാണ് ഇനി വാക്‌പോരിനില്ലെന്ന റൂട്ടിന്റെ പ്രസ്താവന.