സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ പിടിച്ചടക്കിയത്.
ജോഹനാസ്‌ബെര്‍ഗില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 135 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 148ന് പുറത്താവുകയായിരുന്നു.
ഇതോടെ പരമ്പര വിജയത്തിനൊപ്പം 2024ലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.
ഈ വര്‍ഷം കളിച്ച 26 മത്സരത്തില്‍ 24ലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ലോകകപ്പിന് ശേഷമുള്ള സിംബാബ്‌വന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിലും മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഒരു കലണ്ടര്‍ ഇയറില്‍ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിജയശതമാനമുള്ള ടീം എന്ന റെക്കോഡ് നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2018ല്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയ 89.47 എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഒരു കലണ്ടര്‍ ഇയറിലെ ടി-20 മാച്ചില്‍ ഏറ്റവുമധികം വിജയശതമാനമുള്ള ടീം (ചുരുങ്ങിയത് 15 മത്സരങ്ങള്‍)
(ടീം – വര്‍ഷം – ആകെ കളിച്ച മത്സരങ്ങള്‍ – വിജയം – പരാജയം – വിജയശതമാനം എന്നീ ക്രമത്തില്‍)
ഇന്ത്യ – 2024 – 26 – 24 – 2 – 92.31%
പാകിസ്ഥാന്‍ – 2018 – 19 – 17 – 2 – 89.47%
ഉഗാണ്ട 2023 – 33 – 29 – 4 – 87.88%
പപ്പുവ ന്യൂ ഗിനി – 2019 17 14 3 87.50%
അഫ്ഗാനിസ്ഥാനെതിരെ പരമ്പര നേടിക്കൊണ്ടാണ് ഇന്ത്യ 2024 തുടങ്ങിയത്. ശേഷം ടി-20 ലോകകപ്പില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കിയ ഇന്ത്യ സിംബാബ്‌വേക്കെതിരായ പരമ്പര 4-1ന് സ്വന്തമാക്കി.