ഇന്ത്യന്‍ ടീം തങ്ങളുടെ കളിക്കാരെ ഒന്നുകൂടി വിലയിരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇപ്പോള്‍ ടീമിലുള്ള താരങ്ങള്‍ ആക്രമണോത്സുകതയുടെ പര്യായമായ ടി-20 ഫോര്‍മാറ്റിന് യോജിച്ചവരാണോ എന്ന് കൃത്യമായി പരിശോധിക്കണം എന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.
മുഹമ്മദ് ഷമിയെ പേരെടുത്തു പറഞ്ഞായിരുന്നു മഞ്ജരേക്കര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യ-സ്‌കോട്‌ലാന്റ് മത്സരത്തിന് മുന്നോടിയായി ദാഫാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
മുഹമ്മദ് ഷമി ആദ്യ രണ്ട് മത്സരങ്ങളില്‍ വിക്കറ്റുകളെടുക്കാന്‍ ബുദ്ധിമുട്ടിയെന്നും താരത്തിന്റെ എക്കോണമി 9.47 ആണെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് തോന്നുന്നത് ടീം ഇന്ത്യ തങ്ങളുടെ ടി-20 സ്‌ക്വാഡിനെ ഒന്നുകൂടി വിലയിരുത്തണമെന്നാണ്. ചില കളിക്കാര്‍ ഈ ഫോര്‍മാറ്റിന് യോജിച്ചവരാണോ എന്ന കാര്യം ഒന്നുകൂടി പരിശോധിക്കണം. ചിലപ്പോള്‍ ടീമിന് പുറത്തുള്ള കളിക്കാര്‍ക്ക് ഇവരേക്കാള്‍ നന്നായി ടീമിന് പലതും സമ്മാനിക്കാന്‍ കഴിഞ്ഞേക്കാം.
ഇപ്പോള്‍ ടീമിലുള്ള പലരും മറ്റ് ഫോര്‍മാറ്റുകളില്‍ തിളങ്ങുന്നവരാണ്. ഞാന്‍ പറയുന്നത് മുഹമ്മദ് ഷമിയെ കുറിച്ചാണ്. അദ്ദേഹത്തിന്റെ കളിമികവ് നമ്മള്‍ പല തവണ ടെസ്റ്റ് മത്സരങ്ങളില്‍ കണ്ടതാണ്. ടെസ്റ്റില്‍ അദ്ദേഹം ടീമിന്റെ അനിവാര്യതയാണ്.
എന്നാല്‍, ടി-20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ എക്കോണമി 9ന് മുകളിലാണ്. ഷമിയേക്കാള്‍ മികച്ച ടി-20 ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്,’ മഞ്ജരേക്കര്‍ പറഞ്ഞു.
സെലക്ടര്‍മാര്‍ കളിക്കാരുടെ പേരും പ്രശസ്തിയും നോക്കാതെ വേണം ടീം തെരഞ്ഞെടുക്കാന്‍. ടെസ്റ്റിലെയോ ഏകദിനത്തിലെയോ കളിയെ അടിസ്ഥാനമാക്കി ടി-20 ടീം പ്രഖ്യാപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോഴും രവിചന്ദ്രന്‍ അശ്വിന്റെ കാര്യത്തില്‍ വീണ്ടും ഒരേ തെറ്റ് വരുത്തുകയാണെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.