2023 ICC WORLD CUP
ഈഡണ്‍ ഗാര്‍ഡണില്‍ വീണ്ടും ചരിത്രം പിറക്കുമോ; ആവേശത്തില്‍ ഇന്ത്യ- സൗത്ത് ആഫ്രിക്ക മത്സരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 05, 06:34 am
Sunday, 5th November 2023, 12:04 pm

2023 ഐ.സി.സി ഏകദിന ലോകകപ്പിന്റെ ആവേശം അതിരുകള്‍ക്കപ്പുറണ്. കളിച്ച ഏഴ് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. ആറ് വിജയവുമായി തൊട്ടുപുറകില്‍ സൗത്ത് ആഫ്രിക്കയുമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇരു കൂട്ടരും ശക്തരാണ്.നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയിലെ ഈഡണ്‍ ഗാര്‍ഡണില്‍ ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുകയാണ്.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. വെറും 19.4 ഓവറില്‍ 55 റണ്‍സിനാണ് ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയത്. ഇപ്പോള്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍. അതിനൊരു കാരണവുമുണ്ട്.

രോഹിത് ഈഡണ്‍ ഗാര്‍ഡണില്‍ അടിച്ചുകൂട്ടിയതിന്റെ കണക്ക് പരിശോധിച്ചാല്‍ അതിനൊരു ചരിത്രത്തിന്റെ കഥ കൂടി പറയേണ്ടിവരും. 2014 നവംബര്‍ 13 ന് ശ്രീലങ്കയുമായുള്ള ഏകദിന ക്രിക്കറ്റില്‍ ഹിറ്റ്മാന്‍ 264 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഈഡണ്‍ ഗാര്‍ഡണില്‍ പടുത്തുയര്‍ത്തിയത്. ഏകദിനത്തില്‍ ഈഡണ്‍ ഗാര്‍ഡണില്‍ ഏറ്റവുമതികം റണ്‍സിന്റ ആധിപത്യത്തോടെ ഹിറ്റ് മാന്‍ ചരിത്രം കുറിക്കുകയായിരുന്നു.

ഇതുവരെ മൂന്ന് ഇരട്ട സെഞ്ച്വറികളാണ് രോഹിത് നേടിയത്. 2013ല്‍ ഓസ്ട്രേലിയക്കെതിരെയാണ് ആദ്യമായി 209 റണ്‍സ് അടിച്ചത്. 2017ലും ശ്രീലങ്കക്കെതിരെ 208* റണ്‍സ് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തില്‍ ശക്തരായ ഇന്ത്യന്‍ പട തുടര്‍ച്ചയായ എട്ടാം വിജയമാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. അതിനോടൊപ്പം രോഹിത് ഈഡണ്‍ ഗാര്‍ഡണില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുമോ എന്നാണ് ചര്‍ച്ചാവിഷയം. അതുകൊണ്ട് തന്നെ ഹിറ്റ്മാനെ സൗത്ത് ആഫ്രിക്ക കുറച്ചധികം ഭയക്കെണ്ടിവരും.

വിരാട് കോഹ്ലിയും മികച്ച ഫോമിലാണെന്നത് ഏറെ ശ്രദ്ധേയമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ കോഹ്ലിക്ക് ഒരു സെഞ്ച്വറിമാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് കോഹ്ലിയുടെ 35ാം പിറന്നാളാണെന്ന മറ്റൊരു കൗതുകവും മത്സരത്തിന്റെ ആവേശം കൂട്ടും. ഇന്നു രണ്ടുമണിക്ക് ഈഡണ്‍ ഗാര്‍ഡണില്‍ നടക്കുന്ന മത്സരം തീപാറുമെന്നത് ഉറാപ്പാണ്.

Content Highlight: India and southafrica match will be held today in Eden garden kolkatha.