ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് സന്ദര്‍ശകര്‍ പരമ്പര കൈവിടാതെ കാത്തിരിക്കുകയാണ്. പരാജയപ്പെട്ടാല്‍ പരമ്പരയും നഷ്ടപ്പെടും എന്ന നിര്‍ണായക സാഹചര്യത്തില്‍ ജോസ് ബട്‌ലറും സംഘവും വിജയം പിടിച്ചടക്കുകയായിരുന്നു. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
England bounce back with a clinical win in Rajkot to make it 2-1 in the five T20I series👊#INDvENG 📝: https://t.co/rLa32JzewH pic.twitter.com/VeRG5hqNY4
— ICC (@ICC) January 28, 2025
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. തോല്‍വിയേറ്റുവാങ്ങേണ്ടി വന്നെങ്കിലും അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ 2-1ന് ഇന്ത്യന്‍ മുമ്പില്‍ തുടരുകയാണ്.
പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. രാജ്‌കോട്ടില്‍ മൂന്ന് റണ്‍സിന് മടങ്ങിയതോടെ ഈ വിമര്‍ശനവും ശക്തമായി.
സഞ്ജുവിന്റെ മോശം പ്രകടനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് നേരിടേണ്ടി വരുന്ന തിരിച്ചടികള്‍ ചര്‍ച്ചയാകാതെ പോവുകയാണ്. ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച ടി-20 ബാറ്റര്‍മാരില്‍ പ്രധാനിയായ സൂര്യയ്ക്ക് കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല എന്ന വസ്തുത എല്ലാവരും കണ്ടില്ലെന്ന് നടിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട താരം 14 റണ്‍സാണ് നേടിയത്. ഒരു ഫോറും ഒരു സിക്‌സറും ഇതില്‍ ഉള്‍പ്പെടുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട താരം 12 റണ്‍സ് നേടിയപ്പോള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സീരീസ് ഓപ്പണര്‍ മത്സരത്തില്‍ ബ്രോണ്‍സ് ഡക്കായാണ് സ്‌കൈ പുറത്തായത്.
ഇതിന് മുമ്പ് നടന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. ടി-20 ഫോര്‍മാറ്റില്‍ ഒടുവില്‍ കളിച്ച പത്ത് ഇന്നിങ്‌സില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് 50+ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചത്.
അവസാനം കളിച്ച അഞ്ച് ടി-20 ഇന്നിങ്‌സുകള്‍ കണക്കിലെടുക്കുമ്പോള്‍ 30 പന്തില്‍ നിന്നും 31 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് കണ്ടെത്താന്‍ സാധിച്ചത്. 103.33 സ്‌ട്രൈക്ക് റേറ്റും 6.20 ശരാശരിയും മാത്രമാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ സൂര്യകുമാര്‍ യാദവിനുള്ളത്.
വരും മത്സരങ്ങളില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. സൂര്യകുമാറിന് പരിചിതമായ സാഹചര്യങ്ങളിലാണ് ഇനിയുള്ള മത്സങ്ങള്‍ എന്നതും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു.
ജനുവരി 31നാണ് പരമ്പരയിലെ നാലാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. നാലാം മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും പരമ്പരയിലൊപ്പമെത്താന്‍ ഇംഗ്ലണ്ടും ഒരുങ്ങുമ്പോള്‍ എം.സി.എയില്‍ തീ പാറുമെന്നുറപ്പാണ്.
Content Highlight: IND vs ENG: Suryakumar Yadav’s poor form continues