ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ കാണ്‍പൂര്‍ ടെസ്റ്റിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ എല്ലാവരെയും ഞെട്ടിച്ചാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. മഴ കാരണം രണ്ടര ദിവസത്തിലധികം നഷ്ടപ്പെട്ട മത്സരത്തില്‍ അപ്രതീക്ഷിത വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തിന്റെ നാലാം ദിവസം ലഞ്ചിന് ശേഷം മാത്രമാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചത്. എന്നാല്‍ അവസാന ദിനം ചായക്ക് പിരിയും മുമ്പ് തന്നെ വിജയം പിടിച്ചടക്കി ഇന്ത്യ എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുകയായിരുന്നു.
𝙒𝙄𝙉𝙉𝙀𝙍𝙎!
Congratulations #TeamIndia on winning the #INDvBAN Test Series 2⃣-0⃣ 👏👏
Scorecard – https://t.co/JBVX2gyyPf@IDFCFIRSTBank pic.twitter.com/9kylO8ON67
— BCCI (@BCCI) October 1, 2024
ടെസ്റ്റില്‍ ടി-20 ഫോര്‍മാറ്റിനേക്കാള്‍ വേഗത്തില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയത്. മൂന്ന് ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തിയ ഇന്ത്യന്‍ താരങ്ങള്‍ 10.1 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സും എഴുതിച്ചേര്‍ത്തു.ഇതിന് പുറമെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50, 100, 150, 200, 250 റണ്‍സ് നേടുന്ന ടീം എന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.
മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ റോയല്‍സ് യുവതാരം യശസ്വി ജെയ്‌സ്വാളാണ് കളിയിലെ താരമായത്. ആദ്യ ഇന്നിങ്‌സില്‍ 51 പന്തില്‍ 71 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 45 പന്തില്‍ 51 റണ്‍സും നേടി.
രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി മൂന്ന് സിക്‌സറും താരം സ്വന്തമാക്കിയിരുന്നു. ഇതോടെ പല റെക്കോഡുകളും ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരു സൈക്കിളില്‍ നിന്ന് മാത്രമായി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ബാറ്റര്‍ എന്ന നേട്ടമാണ് ഇതില്‍ ആദ്യം. ഡബ്ല്യൂ.ടി.സി 2023-25 സൈക്കിളില്‍ ഇതുവരെ 32 തവണയാണ് ജെയ്‌സ്വാള്‍ പന്ത് ഗാലറിയിലെത്തിച്ചത്.
ഈ സൈക്കിളില്‍ ഇന്ത്യക്ക് ഇനിയും എട്ട് മത്സരങ്ങള്‍ ബാക്കിയുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഈ മത്സരത്തിലെല്ലാം ജെയ്‌സ്വാള്‍ ഇന്ത്യക്കൊപ്പമുണ്ടായേക്കും. ഇതുകൊണ്ടുതന്നെ നിലവിലെ റെക്കോഡ് നേട്ടം ജെയ്‌സ്വാള്‍ മെച്ചപ്പെടുത്താനും സാധ്യതകളേറെയാണ്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരു സൈക്കിളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – ടീം – സിക്‌സര്‍ – സൈക്കിള്‍ എന്നീ ക്രമത്തില്‍)
യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 32* – 2023-25
ബെന്‍ സ്റ്റോക്സ് – ഇംഗ്ലണ്ട് – 31 – 2019-21
ബെന്‍ സ്റ്റോക്സ് – ഇംഗ്ലണ്ട് – 28 – 2021-23
രോഹിത് ശര്‍മ – ഇന്ത്യ – 27 – 2019-21
ബെന്‍ സ്റ്റോക്സ് – ഇംഗ്ലണ്ട് – 22 – 2023-25
റിഷബ് പന്ത് – ഇന്ത്യ – 22 – 2021-23
ഇതിന് പുറമെ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ജെയ്‌സ്വാളിനായി. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെ മറികടന്നാണ് ജെയ്‌സ്വാള്‍ രണ്ടാം സ്ഥാനത്തെത്തിയത്.
ന്യൂസിലാന്‍ഡ് ലെജന്‍ഡും ഇംഗ്ലണ്ട് പരിശീലകനുമായ ബ്രണ്ടന്‍ മക്കെല്ലമാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. ന്യൂസിലാന്‍ഡിനെതിരെ നടക്കാനുള്ള പരമ്പരയില്‍ തന്നെ ന്യൂസിലാന്‍ഡ് ഇതിഹാസത്തെ മറികടക്കാനാണ് ജെയ്‌സ്വാള്‍ ഒരുങ്ങുന്നത്.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – ടീം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 33 – 2014
യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 28* – 2024
ബെന്‍ സ്റ്റോക്സ് – ഇംഗ്ലണ്ട് – 26 – 2022
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 22 – 2005
വിരേന്ദര്‍ സേവാഗ് – ഇന്ത്യ – 22 – 2008
ഈ വര്‍ഷം കളിച്ച 15 ഇന്നിങ്‌സില്‍ നിന്നും 929 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. 66.35 എന്ന തകര്‍പ്പന്‍ ശരാശരിയിലാണ് താരം ബാറ്റ് വീശുന്നത്. ഈ വര്‍ഷം തന്നെ രണ്ട് തവണ 100+ സ്‌കോര്‍ സ്വന്തമാക്കിയ ജെയ്‌സ്വാള്‍ ആറ് തവണ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
ഒക്ടോബര്‍ 16നാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായി ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ പര്യടനം നടത്തും.
Content Highlight: IND vs BAN: Yashasvi Jaiswal surpassed Ben Stokes in most sixes in a single WTC cycle