ജയിൽ ബജറ്റ് വർധിപ്പിക്കൂ, പ്രതിപക്ഷ നേതാക്കളെ പോലെ നിങ്ങളും അടുത്ത് തന്നെ ജയിലിലാകും; ബി.ജെ.പിക്കെതിരെ സഞ്ജയ് സിങ്
national news
ജയിൽ ബജറ്റ് വർധിപ്പിക്കൂ, പ്രതിപക്ഷ നേതാക്കളെ പോലെ നിങ്ങളും അടുത്ത് തന്നെ ജയിലിലാകും; ബി.ജെ.പിക്കെതിരെ സഞ്ജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 2:14 pm

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്. നിങ്ങള്‍ എല്ലാവരും അടുത്ത് തന്നെ ജയിലില്‍ പോകുമെന്നും അതിനാല്‍ ജയിലുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കളെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ ജയില്‍ വിഹിതം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നിലവിലുള്ള അറസ്റ്റുകള്‍ കണക്കിലെടുത്ത് ജയിലുകളുടെ ബജറ്റ് വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്ന് പ്രസംഗത്തില്‍ സഞ്ജയ് സിങ് പറഞ്ഞു.

‘ജയിലുകളുടെ ബജറ്റും നിങ്ങൾ കുറച്ചു. 300 കോടി രൂപ മാത്രമാണ് നിങ്ങള്‍ അനുവദിച്ചത്. എന്നെ നിങ്ങള്‍ ജയിലിലേക്ക് അയച്ചത് പോലെ നാളെ നിങ്ങള്‍ക്കും ജയിലില്‍ പോകേണ്ടിവരും. അതിനാല്‍ ജയില്‍ ബജറ്റ് വര്‍ധിപ്പിച്ച് ജയിലുകളുടെ സൗകര്യം മെച്ചപ്പെടുത്തൂ,’ സഞ്ജയ് സിങ് പറഞ്ഞു.

ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഏപ്രിലിലാണ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസിന്റെ ഭാഗമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) എം.എല്‍.സി കെ. കവിത എന്നിവരുള്‍പ്പെടെ ഒന്നിലധികം പ്രതിപക്ഷ നേതാക്കളെയും ഇ.ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേന്ദ്ര ബജറ്റില്‍ പ്രതിപക്ഷം ഭരണത്തിലുള്ള സര്‍ക്കാരുകളെ അവഗണിച്ചെന്നാരോപിച്ച് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവും നടന്നിരുന്നു.

ബജറ്റിൽ സാധാരണക്കാരനെ സംബന്ധിക്കുന്ന ഒരു വിഷയം പോലും ചർച്ചയായില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ പ്രതികരിച്ചിരുന്നു. ബജറ്റിന് പിന്നാലെ നീതി ആയോ​ഗ് യോ​ഗത്തിൽ പങ്കെടുക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

സ്റ്റാലിന് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നീ മുഖ്യമന്ത്രിമാർ യോ​ഗത്തിൽ നിന്ന് വിട്ടുനിന്നു.

തമിഴ്‌നാടിനോടുള്ള കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ വഞ്ചനയാണ് ബജറ്റെന്നും ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പിയാക്കി മാറ്റിയ പ്രാദേശിക പാർട്ടികളെ സന്തോഷിപ്പിക്കാനുള്ള ബജറ്റായിരുന്നു ഇതെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ബജറ്റായിരുന്നില്ലെന്നും സർക്കാരിനെ നിലനിർത്താൻ വേണ്ടിയുള്ള ബജറ്റാണെന്നുമാണ് കോൺ​​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞത്.

Content Highlight: increase jail budget you will be next says aaps sanjay singh to bjp