മോദിയും ട്രംപും ഇഫ്താര്‍ സംഗമം ഒഴിവാക്കിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഇഫ്താറിനും നിസ്‌കാരത്തിനും വേദിയൊരുക്കി ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം
Daily News
മോദിയും ട്രംപും ഇഫ്താര്‍ സംഗമം ഒഴിവാക്കിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഇഫ്താറിനും നിസ്‌കാരത്തിനും വേദിയൊരുക്കി ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2017, 3:52 pm

ഉഡുപ്പി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇഫ്താര്‍ സംഗമം ഒഴിവാക്കിയപ്പള്‍ ചരിത്രത്തിലാദ്യമായി ഇഫ്താര്‍ ഒരുക്കി ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. ക്ഷേത്രത്തിലെ അന്നബ്രഹ്മ ഭക്ഷണ ശാലയില്‍ ശനിയാഴ്ചയാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.


Also Read: ‘ഞങ്ങള്‍ ബീഫ് കഴിക്കും… തമിഴന്‍ ഡാ’; മലയാളിയുടെ പാത പിന്തുടര്‍ന്ന് ‘പോ മോനേ മോദി’ സ്‌റ്റൈലില്‍ ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനിടെ തമിഴ് യുവാവിന്റെ പ്രതിഷേധം


പര്യായ പേജാവാര്‍ മഠത്തിലെ വിശ്വേശ്വര തീര്‍ത്ഥ സ്വാമിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. മുസ്‌ലിം
സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് 6.59ന് നോമ്പു തുറയോടെ ആരംഭിച്ചു.

വാഴപ്പഴം, തണ്ണിമത്തന്‍, ആപ്പിള്‍, കാരക്ക, കശുവണ്ടിപ്പരിപ്പ് എന്നിവയ്‌ക്കൊപ്പം കുരുമുളകുകൊണ്ടുണ്ടാക്കിയ “കഷായ”വും ഇവര്‍ക്ക് നല്‍കി.

വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് കാരക്ക വിതരണം ചെയ്തത് വിശ്വേശ്വര തീര്‍ത്ഥ തന്നെയാണ്.

ഇഫ്താര്‍ കൂട്ടായ്മയ്ക്കു പുറമേ നമസ്‌കാരത്തിനും ക്ഷേത്രത്തില്‍ സൗകര്യം നല്‍കി. ഭക്ഷണശാലയുടെ മുകളിലത്തെ നിലയിലെ ഹാളില്‍ അഞ്ജുമാന്‍ മസ്ജിദിലെ ഇമാം മൗലാനാ ഇനിയത്തുള്ളയുടെ നേതൃത്വത്തിലായിരുന്നു നിസ്‌കാരം.

മംഗളുരുവിലും, കാസര്‍ഗോടും ഭക്തലിലുമെല്ലാം മുസ്‌ലീങ്ങളുടെ സ്‌നേഹം താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് സ്വാമി പറഞ്ഞു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിളിച്ചുചേര്‍ത്ത ഇഫ്താര്‍ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതുപോലെ യു.എസിലെ വൈറ്റ് ഹൗസില്‍ രണ്ടു നൂറ്റാണ്ടായി തുടര്‍ന്നുവരുന്ന ഈദ് ആഘോഷം നിര്‍ത്തലാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ സംഗമം ശ്രദ്ധനേടുന്നത്.