Advertisement
Kerala News
'ഇച്ചിരെയില്ലാത്ത കൊച്ചിനെ കളിക്കാന്‍ വിട്ടിരിക്കുന്നു', മെസി മലയാളിയായിരുന്നെങ്കില്‍; വൈറല്‍ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 18, 02:52 pm
Sunday, 18th December 2022, 8:22 pm

കൊച്ചി: ലോകം ലുസൈല്‍ സ്‌റ്റേഡിയത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. അര്‍ജന്റീനയും ഫ്രാന്‍സും ഫൈനല്‍ പോരാട്ടത്തിലേക്ക് കടക്കാനിനി മിനുട്ടുകള്‍ മാത്രം. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കാരണം അവരുടെ സ്വപ്‌നങ്ങളെ ഇത്രമേല്‍ വേട്ടയാടിയ ഒരു മനുഷ്യനില്ല.

ലോകകപ്പിന്റെ അവസാന പോരാട്ടത്തിന് മെസി ഇറങ്ങുമ്പോള്‍ ആ ആരവം സോഷ്യല്‍ മീഡിയയേയും സജീവമാക്കിയിരിക്കുകയാണ്.

മെസി മലയാളിയായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ വളര്‍ച്ചാ കാലഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളെന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.

നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മെസി മലയാളിയായിരുന്നെങ്കില്‍
നാല് വയസില്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ ചേര്‍ക്കുമ്പൊ:
‘ശോ ആ ഇച്ചിരെയില്ലാത്ത കൊച്ചിന്റത്രേം വല്യ പന്തുമായിട്ട് കളിക്കാന്‍ വിട്ടിരിക്കുന്നു’

പിന്നെ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവിനെക്കുറിച്ച് അറിയുന്നു.
‘എനിക്ക് അന്നേ തോന്നിയതാ… ഇച്ചിരെയില്ലാത്ത അതിനെ കളിക്കാന്‍ വിട്ടപ്പഴേ എന്തേലും തട്ടുകേട് പറ്റുമെന്ന് ‘

എന്നിട്ടും കളി തുടരുന്നു.
‘ ആ തള്ളയ്ക്കും തന്തയ്ക്കും ഇതെന്തിന്റെ സൂക്കേടാണോ, എണീറ്റ് നിക്കാന്‍ ആവതില്ലാത്ത അതിനെ കളിക്കാന്‍ വിട്ടേക്കുന്നു’

സ്‌കൂളില്‍ ചേര്‍ക്കാറാവുമ്പൊ
‘ നാലക്ഷരം പഠിക്കാന്‍ നോക്ക് ചെറുക്കാ. അല്ലാതെ ഈ കളിച്ചുനടന്നിട്ടൊക്കെ എന്നാ കിട്ടാനാ?’

പത്താം ക്ലാസില്‍
‘ ഇനിയെങ്കിലും വല്ലോം ഇരുന്ന് പഠിക്ക്. ഈ കളിയെന്നൊക്കെപ്പറഞ്ഞ് ജീവിതം കളയാനായിട്ട് ‘

പത്ത് കഴിയുമ്പൊ
‘ ആ ചെറുക്കന്‍ ഫുള്‍ ടൈം ഒഴപ്പി നടക്കുവാണല്ലോ. ഏത് നേരം നോക്കിയാലും വല്ല ഗ്രൗണ്ടിലും കാണാം ‘
‘ എന്‍ട്രന്‍സ് വല്ലോം എഴുതുന്നുണ്ടോ മോനേ? ‘

പത്തിരുപത്തഞ്ച് വയസ് കഴിയുന്നു
‘ അവനെ പിടിച്ചൊരു പെണ്ണു കെട്ടിക്ക്. ഈ കളിയൊക്കെ മാറിക്കോളും.’
‘ എവിടെത്തേണ്ട പയ്യനാരുന്നു. ഇപ്പൊ കണ്ടില്ലേ’

ഇത്രയൊക്കെ കേട്ടിട്ടും മെസി കളിച്ചു ജയിച്ച് ലോകകപ്പിലെത്തിയെന്ന് വച്ചോ.
ഇന്ത്യന്‍ ജേഴ്‌സിയില്‍.
‘എനിക്കന്നേ അറിയാരുന്നു. അവന്‍ വല്യ ആളാവും ന്ന്. കുഞ്ഞാരുന്നപ്പൊഴേ ഞാന്‍ പറഞ്ഞതല്ലാരുന്നോ’

Content Highlight: If Messi was a Malayali; Viral post on Social Media