ന്യൂദല്‍ഹി: കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയായിരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ വിലയിരുത്തലുകള്‍. അതുകൊണ്ടുതന്നെ കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ നിര്‍ണായക ശക്തിയാവുക ജനതാ ദള്‍ സെക്കുലറാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ” അത് എത്തിപ്പിടിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്” എന്നാണ് ദേവഗൗഡ മറുപടി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് ബി.ജെ.പിയുടെ ബി ടീം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുനനു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച അദ്ദേഹം ബി.ജെ.പിയും കോണ്‍ഗ്രസും തങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു.
ബി.ജെ.പിക്കൊപ്പം പോകുന്ന പ്രശ്‌നമില്ലെന്നാണ് ജെ.ഡി.എസ് ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ ദാനിഷ് അലി പറഞ്ഞത്. “ബി.ജെ.പിക്കൊപ്പം പോകുമെന്ന ചോദ്യമേ ഉദിക്കുന്നില്ല. കോണ്‍ഗ്രസ് തോറ്റാല്‍, ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിന് 100ല്‍ താഴെ സീറ്റ് ലഭിച്ചാല്‍ അത് അവരുടെ ഉത്തരവാദിത്തമാണ്. ” എന്നും അദ്ദേഹം പറഞ്ഞു.
“മതേതരത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയെന്നത് എല്ലായ്‌പ്പോഴും ജെ.ഡി.എസിന്റെ ഉത്തരവാദിത്തമല്ല” എന്നും അദ്ദേഹം പറഞ്ഞു.