ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.
ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.
115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.
ആദ്യ ടെസ്റ്റിൽ നിറം മങ്ങിയ വിരാട് രണ്ടാം ടെസ്റ്റിൽ തന്റെ മികച്ച ഫോമിലേക്കും ‘ക്ലാസി’ലേക്കും തിരിച്ചുവന്നിരുന്നു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ 44 റൺസ്, രണ്ടാം ഇന്നിങ്‌സിൽ 20 റൺസ് എന്നിങ്ങനെയാണ് വിരാട് സ്കോർ ചെയ്തത്. വിരാടിന്റെ മികച്ച ബാറ്റിങ്ങിന്റെ മികവോടെയാണ് ബോളർമാർക്ക് മുൻതൂക്കമുള്ള പിച്ചിൽ ഇന്ത്യൻ വിജയം അനായാസമായത്.
എന്നാലിപ്പോൾ വിരാടിന്റെ ബാറ്റിങ് മികവിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്.
“ഏതെങ്കിലും ഒരു കുട്ടിക്ക് ടെസ്റ്റ് ക്രിക്കറ്റിലെ ടെക്നിക്ക്സ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ ആ കുട്ടിക്ക് വിരാടിന്റെ രണ്ടാം ടെസ്റ്റിലെ പ്രകടനം കാണിച്ചു കൊടുക്കണം.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ പ്രകടനം കാണിച്ചു കൊടുത്തിട്ട് അത് കണ്ട് പഠിക്കാനാണ് കുട്ടികളോട് പറയേണ്ടത്. ബാറ്റ് ചെയ്യുന്നെങ്കിൽ വിരാടിനെ പോലെ ചെയ്യണം. സ്കോർ ചെയ്യാൻ സാധിക്കുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ രണ്ടാമത്തെ കാര്യമാണ്. അദ്ദേഹത്തിന്റെ ബാറ്റ് ചെയ്യുമ്പോഴുള്ള മനോഭാവവും ശരീര ഭാഷയുമാണ് പ്രധാനം,’ കൈഫ് പറഞ്ഞു.
അതേസമയം പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇൻഡോറിലും അഹമ്മദാബാദിലും വെച്ചാണ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നടക്കുന്നത്. പരമ്പരയിലെ ഒരു മത്സരം സമനിലയിൽ എത്തിയാൽ തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.