Champions Trophy
ബൈ ബൈ സഹീര്‍, ഇത് ഇയാളുടെ യുഗം; ഇത്തവണ തിരുത്തിയത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 20, 04:03 pm
Thursday, 20th February 2025, 9:33 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ ഫൈഫര്‍ പൂര്‍ത്തിയാക്കിയാണ് സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി തിളങ്ങിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ നായകസ്ഥാനമേറ്റെടുത്ത താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഷമി വേട്ട തുടങ്ങിയത്.

മത്സരത്തില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് 53 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍, മെഹിദി ഹസന്‍ മിറാസ്, ജാക്കിര്‍ അലി, തന്‍സിം ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ് എന്നിവരെയാണ് ഷമി പുറത്താക്കിയത്.

ഇതോടെ 2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ ഫൈഫര്‍ നേടുന്ന താരമായും ഷമി മാറി.

ഈ ബൗളിങ് പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും മുഹമ്മദ് ഷമി സ്വന്തമാക്കി. ഐ.സി.സി വൈറ്റ് ബോള്‍ ഇവന്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതിലൊന്ന്.

ഇന്ത്യ പ്രോഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ പ്രധാനിയായ സഹീര്‍ ഖാനെ മറികടന്നാണ് ഷമി ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.

ഐ.സി.സി ഏകദിന ലോകകപ്പ്, ഐ.സി.സി ടി-20 ലോകകപ്പ്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ നിന്നായി 74 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്.

ഐ.സി.സി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

മുഹമ്മദ് ഷമി – 74*

സഹീര്‍ ഖാന്‍ – 71

ജസ്പ്രീത് ബുംറ – 68

രവീന്ദ്ര ജഡേജ – 65

ആര്‍. അശ്വിന്‍ – 59

ഈ ഫൈഫറിന് പുറമെ ഐ.സി.സിയുടെ 50 ഓവര്‍ ടൂര്‍ണമെന്റുകളില്‍ (ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായും ഷമി മാറി.

ഐ.സി.സി വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ 60 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. 59 വിക്കറ്റുള്ള സഹീര്‍ ഖാനെ തന്നെയാണ് ഷമി ഇവിടെയും മറികടന്നത്.

മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെ ഏകദിനത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനും ഷമിക്ക് സാധിച്ചു. ഈ നേട്ടത്തിലെത്തുന്ന എട്ടാമത് ഇന്ത്യന്‍ താരമാണ് ഷമി.

അനില്‍ കുംബ്ലെ (334), ജവഗല്‍ ശ്രീനാഥ് (315), അജിത് അഗാര്‍ക്കര്‍ (288), സഹീര്‍ ഖാന്‍ (269), ഹര്‍ഭജന്‍ സിങ് (265), അനില്‍ കുംബ്ലെ (253), രവീന്ദ്ര ജഡേജ (226) എന്നിവരാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ 200 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍.

തന്റെ 104ാം മത്സരത്തിലാണ് ഷമി വിക്കറ്റ് വേട്ടയില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വേഗത്തില്‍ ഈ റെക്കോഡിലെത്തുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഷമിയിപ്പോള്‍. 102ാം മത്സരത്തില്‍ 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമന്‍.

 

Content Highlight: ICC Champions Trophy 2025: IND vs BAN: Mohammed Shami scripted yet another record