ലോകകപ്പിൽ 'ട്രിപ്പിൾ സെഞ്ച്വറി' റെക്കോഡ്; ചരിത്രനേട്ടത്തിൽ അഫ്ഗാൻ താരങ്ങൾ
Cricket
ലോകകപ്പിൽ 'ട്രിപ്പിൾ സെഞ്ച്വറി' റെക്കോഡ്; ചരിത്രനേട്ടത്തിൽ അഫ്ഗാൻ താരങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 8:09 am

ഐ.സി.സി ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അർനോസ് വാലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്.

അഫ്ഗാന് വേണ്ടി ഓപ്പണിങ്ങില്‍ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്. 49 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടെ 60 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. മറുഭാഗത്ത് 48 പന്തില്‍ 51 റണ്‍സാണ് സദ്രാന്‍ നേടിയത്. ആറ് ഫോറുകളാണ് സദ്രാന്‍ നേടിയത്.

ഇരുവരുടെയും ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ചരിത്രനേട്ടമാണ് അഫ്ഗാന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ മൂന്ന് തവണ 100+ റണ്‍സിന്റെ കൂട്ടുകെട്ട് നേടുന്ന ചരിത്രത്തിലെ ആദ്യ താരങ്ങള്‍ എന്ന നേട്ടമാണ് ഗുര്‍ബാസും സദ്രാനും സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഉഗാണ്ടയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 154 റണ്‍സും ന്യൂസിലാന്‍ഡിനെതിരെ 103 റണ്‍സുമാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഉഗാണ്ടയ്ക്കെതിരെ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 45 പന്തിൽ 75 റൺസ് ആണ് ഗുർബാസ് നേടിയത്. മറുഭാഗത്ത് 46 പന്തിൽ 70 റൺസോടെയാണ് സദ്രാൻ തിളങ്ങിയത്. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ന്യൂസിലാൻഡിനെതിരെ ഗുർബാസ് 56 പന്തിൽ 80 റൺസും ഇബ്രാഹിം 41 പന്തിൽ 44 റൺസുമാണ് നേടിയത്. ഗുർബാസ് അഞ്ച് വീതം ഫോറുകളും സിക്സുകളുമാണ്‌ നേടിയത്. സദ്രാൻ മൂന്ന് ഫോറും രണ്ട് സിക്സും നേടി.

ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ആദം സാംപ രണ്ട് വിക്കറ്റും മാര്‍ക്കസ് സ്റ്റോണിസ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

 

Content Highlight: Ibrahim Zadran and Rahmanullah Gurbaz create a new record in T20