എങ്ങനെ സെറ്റിലെ വൈബ് നിലനിര്‍ത്താം എന്നാണ് വിനീതേട്ടന്റെ അടുത്തുനിന്ന് പഠിച്ചത്‌, സെറ്റിലെ എല്ലാവരും എപ്പോഴും ഹാപ്പിയാണ്: അരവിന്ദ് വേണുഗോപാല്‍
Film News
എങ്ങനെ സെറ്റിലെ വൈബ് നിലനിര്‍ത്താം എന്നാണ് വിനീതേട്ടന്റെ അടുത്തുനിന്ന് പഠിച്ചത്‌, സെറ്റിലെ എല്ലാവരും എപ്പോഴും ഹാപ്പിയാണ്: അരവിന്ദ് വേണുഗോപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd February 2022, 9:28 am

പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഹോട്‌സ്റ്റാറിലും വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ഹൃദയം. ഹൃദയത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായകനും നിര്‍മാതാവും താരങ്ങളുമെല്ലാം ഇതിനോടകം തന്നെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങളുമായി വന്നിരിക്കുന്നത് മറ്റാരുമല്ല സിനിമയിലെ സഹസംവിധായകനും ഗായകനുമായ അരവിന്ദ് വേണുഗോപാലാണ്.

ഗായകന്‍ ജി. വേണുഗോപാലിന്റെ മകനും കൂടിയാണ് അരവിന്ദ്. ഹൃദയത്തിന്റെ വിശേഷങ്ങളും തന്റെ കരിയറിനെ കുറിച്ചുമെല്ലാമാണ് അരവിന്ദ് സംസാരിക്കുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

തന്നോട് പലരും അച്ഛനാണെന്ന് കരുതി ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്ന് അരവിന്ദ് പറയുന്നു.

‘പലരും ഫോണ്‍ വിളിക്കുമ്പോള്‍ അച്ഛനാണെന്ന് കരുതി സംസാരിക്കും. പലര്‍ക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. അപ്പൊ ആളുകള്‍ അച്ഛനെ പോലെതന്നെയാണ് ശബ്ദം എന്ന് പറയാറുണ്ട്,’ അരവിന്ദ് പറയുന്നു.

അഞ്ജലി മോനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലാണ് താന്‍ ആദ്യമായി സഹസംവിധായകനായി വര്‍ക്ക് ചെയ്തതെന്നും അരവിന്ദ് പറയുന്നു.

‘അഞ്ജലി മേനോന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ കംഫേര്‍ട്ടബിള്‍ ആണ് ഞാന്‍. അതൊരു സ്‌കൂള്‍ ഓഫ് ഫിലിം മേക്കിങാണ്,’ താരം പറയുന്നു.

ബേസില്‍ ജോസഫും നിവിന്‍ പോളിയും അജു വര്‍ഗീസുമെല്ലാം സിനിമയെ കുറിച്ച് പഠിച്ചത് പോലെ താനും വിനീത് ശ്രീനിവാസന്‍ സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസില്‍ നിന്നാണ് പഠിക്കുന്നതെന്ന് അരവിന്ദ് പറഞ്ഞു.

‘2019ലാണ് ഹൃദയം എന്ന ചിത്രത്തെ കുറിച്ച് വിനിതേട്ടന്‍ ആദ്യമായി എന്നോട് പറയുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ലീഡ് റോളില്‍ എത്തുന്നത്. മെരിലാന്റ് സിനിമാസ് ആണ് നിര്‍മാണം. മെരിലാന്റ് സിനിമാസ് തിരിച്ചുവരികയാണ് എന്നൊക്കെ പറഞ്ഞു. വിനീതേട്ടനെ എനിക്ക് ആദ്യമേ അറിയാം അച്ഛന്റെ കൂടെ പാട്ട് പാടുന്നിടത്തൊക്കെ പോയാണ് പരിചയപ്പെടുന്നത്. തട്ടത്തില്‍ മറയത്ത് ഇറങ്ങിയ സമയത്ത് എനിക്ക് അതില്‍ പാടണമെന്ന് വലിയ ആഗ്രഹം ആയിരുന്നു,’ താരം പറയുന്നു.

വിനീതേട്ടന്റെ സിനിമയില്‍ പാടിയാല്‍ ആളുകള്‍ ശ്രദ്ധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് രണ്ട് പാട്ട് റെക്കോര്‍ഡ് ചെയ്ത് അയച്ച് കൊടുത്തിരുന്നു. എന്നാല്‍ പുള്ളിക്ക് അതൊന്നും ഓര്‍മ പോലുമില്ല. അത് കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് നകുമോ എന്ന പാട്ട് വരുന്നത്, അതില്‍ പാടാന്‍ തനിക്ക് അവസരം തരികയും ചെയ്‌തെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

‘വിനീതേട്ടന്റെ കയ്യില്‍ നിന്ന് ഞാന്‍ പഠിച്ചൊരു കാര്യം സെറ്റിലെ വൈബ് എങ്ങനെ നിലനിര്‍ത്താം എന്നാണ്. ആ സെറ്റിലെ എല്ലാവരും എപ്പോഴും ഹാപ്പിയായിരിക്കും. അടുത്ത ദിവസം തിരിച്ച് വര്‍ക്കിന് വരണമെന്ന് എല്ലാവര്‍ക്കും ആഗ്രമുള്ളൊരു സെറ്റാണത്,’ അരവിന്ദ് പറയുന്നു.

കഴിഞ്ഞ ദിവസം ഹൃദയം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്. പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണ് ഹൃദയം.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ‘ഹൃദയം’ നിര്‍മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം.


Content Highlights: I learned from Vinithettan how to keep the vibe on the set: Arvind Venugopal