Advertisement
Kerala News
എനിക്ക് മുണ്ടുടുക്കാനുമറിയും, മടക്കി കുത്താനുമറിയും, മലയാളത്തില്‍ തെരി വിളിക്കാനുമറിയും: രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Friday, 25th April 2025, 1:53 pm

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന് മലയാളവും കേരള രാഷ്ട്രീയവുമറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍. തനിക്ക് മലയാളം അറിയില്ല എന്ന് ചിലര്‍ പറയുന്നുണ്ടെന്നും എന്നാല്‍ താന്‍ തൃശൂരില്‍ പഠിച്ച് വളര്‍ന്ന ആളാണന്ന് രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. ലൂസിഫറിലെ മാസ് ഡയലോഗിനൊപ്പമായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ മറുപടി.

രാജ്യം മൊത്തം നാഷണല്‍ സര്‍വീസ് ചെയ്‌തൊരു വ്യോമസേന പട്ടാളക്കാരന്റെ മകനാണ് താനെന്നും തനിക്ക് മുണ്ട് ഉടുക്കാനുമറിയാം വേണമെങ്കില്‍ അത് മടക്കി കുത്തിവെക്കാനുമറിയാമെന്നും രാജീവ് ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് മലയാളത്തില്‍ സംസാരിക്കാനുമറിയാം, മലയാളത്തില്‍ തെറി പറയാനുമറിയാമെന്ന ലൂസിഫറിലെ ടൊവിനോയുടെ കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്തായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രസംഗം.

ജനങ്ങളോട് വികസന സന്ദേശം മലയാളത്തില്‍ പറയാനും തനിക്കറിയാമെന്നും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നും താന്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നോ സി.പി.ഐ.എമ്മില്‍ നിന്നോ അല്ലെന്നും മറിച്ച് ജനങ്ങളുടെ ജീവിതത്തില്‍ വ്യത്യാസം കൊണ്ട് വരാനും അതിന് വേണ്ടി അധികാരം പിടിച്ചില്ലെങ്കില്‍ താനിനി മടങ്ങി പോകില്ല എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

‘എനിക്ക് മലയാളം അറിയില്ല എന്ന് പറയുന്നു. ഞാന്‍ തൃശൂരില്‍ വളര്‍ന്ന് പഠിച്ച ഒരാളാണ്. രാജ്യം മൊത്തം നാഷണല്‍ സര്‍വീസ് ചെയ്ത വ്യോമസേന പട്ടാളക്കാരന്‍ എന്‍.കെ പ്രമേചന്ദ്രശേഖരന്റെ മകനാണ്. എനിക്ക് മുണ്ടുടുക്കാനുമറിയും വേണമെങ്കില് മുണ്ട് കുത്തിവെക്കാനുമറിയും. മലയാളം സമസ്…മലയാളം സംസാരിക്കാനുമറിയും മലയാളത്തില് തെരി പറയാനുമറിയും. ജനങ്ങളെ… ജനങ്ങള്ക്ക് വികസന സന്ദേശം മലയാളത്തില് പറയാനും അറിയും. അപ്പോള് എന്നെ പഠിപ്പിക്കരുതേ… ഞാന് ഇവിടെ പഠിക്കാന് കോണ്ഗ്രസില് നിന്നോ സി.പി.ഐ.എമ്മില് നിന്നോ അല്ല വന്നിരിക്കുന്നത്. ഇവിടെ വന്നിരിക്കുന്നത് ജനങ്ങളെ ജീവിതത്തില് വ്യത്യാസം കൊണ്ട് വരാനും അതിന് വേണ്ടി അധികാരം പിടിച്ചില്ലെങ്കില് ഞാനിനി മുന്…പിന്.. അങ്ങട് മടങ്ങി പോകില്ലാന്നും ഞാന് അന്ന് പറയുന്നു, പറഞ്ഞു ഇന്നും പറയുന്നു. ,’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ത്യ പാക്കിസ്ഥാന്‍ മറുപടി കൊടുക്കുന്നതില്‍ വി. ഡി സതീശന് എന്താണ് ഇത്ര കുഴപ്പമെന്ന രാജീവ് ചന്ദ്രശേഖരന്റെ പരാമര്‍ശത്തില്‍ രാജീവ് ചന്ദ്രശേഖരന് കേരളം എന്താണെന്നും ഇവിടുത്തെ രാഷ്ട്രീയം എന്താണെന്നും തിരിച്ചറിവില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ പറഞ്ഞിരുന്നു. താന്‍ പറഞ്ഞത് മനസിലാക്കാന്‍ അദ്ദേഹത്തിന് മലയാളം അറിയില്ലെന്നും വി.ഡി സതീശന്‍ ബി.ജെ.പി അധ്യക്ഷനെക്കുറിച്ച് പറഞ്ഞിരുന്നു. ഇതിന് മറുപടിയായണ് ഇപ്പോള്‍ രാജീവ് ചന്ദ്രശേഖരന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

Content Highlight: I know how to tie a Mundu, I know how to fold it and I know how to say bad words in Malayalam: Rajeev Chandrasekharan