ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.
മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീമിനെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്. 76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകമായ ജയം സ്വന്തമാക്കുകയായിരുന്നു.
49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താകാതെ നിന്ന മാർനസ് ലബുഷേങ് എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.
എന്നാൽ ഓസീസിനെതിരെയുള്ള മത്സരത്തിൽ എന്താണ് ഇന്ത്യൻ താരം ഹാർദിക്ക് പാണ്ഡ്യയെ ഉൾപ്പെടുത്താത്തത് എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഇതിഹാസം ഇയാൻ ചാപ്പൽ.
ഇന്ത്യക്കായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികവോടെ കളിക്കുന്ന പാണ്ഡ്യയെ ഇന്ത്യ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ അത്ഭുതം പ്രകടിപ്പിച്ചാണ് ഇയാൻ ചാപ്പൽ രംഗത്തെത്തിയത്.
2018 മുതൽ ഹാർദിക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല. അതിനാൽ തന്നെ താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ചാപ്പലിന്റെ വാദം.
“എന്ത് കൊണ്ടാണ് ഹാർദിക്കിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തത് എന്ന് എനിക്ക് മനസിലാകുന്നില്ല. അവന് ടെസ്റ്റ് ക്രിക്കറ്റിൽ അധികം ബോൾ ചെയ്യാൻ സാധിക്കില്ല എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
പക്ഷെ മെഡിക്കൽ ടീമിലുള്ളവരും ക്രിക്കറ്റ് വിദഗ്ധരും ഇതിനെ അനുകൂലിക്കില്ല എന്നാണ് എനിക്ക് മനസിലായത്. ഹാർദിക്കിന് ടീമിൽ തുടരണമെന്ന് താൽപര്യമുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ടെസ്റ്റ് ടീമിലേക്ക് സെലക്ട് ചെയ്യണം. അദ്ദേഹം നല്ലൊരു ബാറ്ററും, ഡീസന്റ് ബോളറും മികച്ച ഫീൽഡറുമാണ്,’ ചാപ്പൽ പറഞ്ഞു.
“ഓസ്ട്രേലിയക്ക് കാമറൂൺ ഗ്രീനും ഇന്ത്യക്ക് ഹാർദിക്കും ടെസ്റ്റ് ടീമിലെ അനിവാര്യ ഘടകങ്ങളാണ്,’ ചാപ്പൽ കൂട്ടിച്ചേർത്തു.
അതേസമയം പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇന്ത്യൻ ടീമിന് എന്തെങ്കിലും സാധ്യതയൊരുങ്ങൂ.