പ്രഭാസും പ്രശാന്ത് നീലും ഒന്നിച്ച സലാര്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുയാണ്. ഖാന്‍സാര്‍ എന്ന സാങ്കല്‍പിക ദേശത്തില്‍ അധികാരത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തെ ഒരു സുഹൃത്ത്ബന്ധം എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് സലാര്‍ കാണിച്ചുതരുന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ അവതരിപ്പിച്ചിരിക്കുന്ന ദേവരദ, പൃഥ്വിരാജിന്റെ വരദരാജ മന്നാര്‍ എന്നിവരെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്.
സമീപകാലത്ത് പ്രഭാസ് ചെയ്ത സിനിമകളുടെ പരാജയത്തില്‍ പ്രഭാസിന് ഒരു ആശ്വാസം നല്‍കുന്ന ചിത്രമാണ് സലാര്‍. ബാഹുബലിക്ക് ശേഷം വന്ന സഹോയും രാധേ ശ്യാമും വലിയ പരാജയങ്ങളായിരുന്നു. രാമായണം ആസ്പദമാക്കിയ ആദിപുരുഷ് എങ്ങനെ ഒരു സ്റ്റാറിനെ ഉപയോഗിക്കരുത് എന്നതിന്റെ ഉദാഹരണമായിരുന്നു.
എന്നാല്‍ സലാറിലേക്ക് വരുമ്പോള്‍ പ്രഭാസ് എന്ന നടനേയും താരത്തേയും ഒരുപോലെ വിനിയോഗിക്കാന്‍ പ്രശാന്ത് നീലിനായി. ദേവരദ എന്ന നായക കഥാപാത്രത്തെ കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കാന്‍ പ്രശാന്ത് നീലിനായി. ഒരു സാമ്രാജ്യം മുഴുവനായി എതിര്‍ത്ത് നിന്നാലും അതിനെ ഒറ്റക്ക് നിന്ന് എതിരിടാനും വെല്ലുവിളിക്കാനും കെല്‍പുള്ള നായകനായ വരദ. പ്രഭാസ് സ്‌ക്രീനില്‍ നിവര്‍ന്ന് നില്‍ക്കുമ്പോള്‍ ഇയാളെ കൊണ്ട് ഇതിന് സാധിക്കും എന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാക്കാന്‍ പ്രശാന്ത് നീലിനാവുന്നുണ്ട്.
തുടക്കം മുതല്‍ അവസാനം വരെ നിരവധി ഫൈറ്റ് രംഗങ്ങള്‍ സലാറിലുണ്ട്. ഓരോ ഫൈറ്റിലേക്കുമുള്ള എലവേഷന്‍ സീനുകളെ പെര്‍ഫെക്ടായി എക്‌സിക്യൂട്ട് ചെയ്തിട്ടുണ്ട് പ്രശാന്ത് നീല്‍. അപാര സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ് പ്രഭാസ്. ആ സ്‌ക്രീന്‍ പ്രസന്‍സും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ പ്രശാന്ത് നീലിനായിട്ടുണ്ട്.
സലാറിന്റെ കാതല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് തന്നെയാണ്. അതുവരെ കൊണ്ടുവന്ന ബില്‍ഡപ്പിനെ ക്ലൈമാക്‌സ് ഒറ്റയടിക്ക് മേലേക്ക് ഉയര്‍ത്തുന്നുണ്ട്. അതിന്റെ നെടുംതൂണായി നില്‍ക്കുന്നത് വരദയാണ്. അങ്ങനെ ഇന്ത്യ മുഴുവന്‍ ഇത്രയും സ്വാധീനമുള്ള എങ്ങനെ ഉപയോഗിക്കണം എന്ന് കാണിച്ചുതരികയാണ് പ്രശാന്ത് നീല്‍ എന്ന മേക്കര്‍.
Content Highlight: How Prashanth Neel uses Prabhas in Salaar