പതജ്ഞലി വികസിപ്പിച്ചെടുത്ത കൊറോണില്‍ എന്ന ആയുര്‍വേദ മരുന്ന് കൊവിഡ് ഭേദമാക്കുമെന്ന അവകാശവാദവുമായി ബാബാരാംദേവ് രംഗത്തുവരുമ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പൊള്ളവാദങ്ങള്‍ ഉന്നയിച്ചും അശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ നടത്തിയും വിചിത്ര പ്രസ്താവനകളിലൂടെ അനുയായികളുടെ കയ്യടി നേടിയും വിവാദങ്ങളില്‍ നിന്ന് കരകയറാന്‍ ഇടനല്‍കാതെയും ബാബാ രാംദേവ് എന്ന ആത്മീയവ്യാപാരി കാപട്യങ്ങള്‍കൊണ്ട് തന്റേതായ ഒരുംലോകം മെനെഞ്ഞെടുക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.
യോഗാഭ്യാസപ്രകടനങ്ങളിലൂടെ പ്രശസ്തനായി, പിന്നീട് ബി.ജെ.പി സര്‍ക്കാരിന്റെ ഉറ്റ തോഴനായി, ഇന്ത്യയിലെ സമ്പന്ന വ്യാപാരികളിലൊരാളായി മാറിയ ബാബാ രാംദേവ് എന്ന രാം കിശന്‍ യാദവിന്റെ യാത്രയുടെ ചരിത്രം പരിശോധിച്ചാല്‍ അത് ഏറെ കൗതുകകരമാണ്.
ഒറ്റനോട്ടത്തില്‍ തന്നെ അശാസ്ത്രീയമാണെന്നും യുക്തിരഹിതമാണെന്നും കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന തരത്തിലുള്ള പൊള്ളയായ വാദങ്ങള്‍ ഉയര്‍ത്തിയാണ് രാംദേവ് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ളത്.
ഏറ്റവും ഒടുവിലായി ഇയാള്‍ നടത്തിയ അവകാശവാദം കൊവിഡിന് മരുന്ന് കണ്ടെത്തി എന്നതായിരുന്നു. പതഞ്ജലി ആയുര്‍വേദിക് പുറത്തിറക്കിയ കൊറോണില്‍ എന്ന മരുന്ന് കൊവിഡിനെ പ്രതിരോധിക്കുമെന്ന് ഉന്നയിച്ചുകൊണ്ടാണ് രാംദേവും സംഘവും ഒടുവില്‍ രംഗത്തുവന്നത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ ഏഴ് ദിവസം കൊണ്ട് കൊവിഡ് ഭേദമാകുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ അനുമതിയില്ലാതെ കൊവിഡ് രോഗികളില്‍ പരീക്ഷണം നടത്തുകയും ചെയ്തു. എന്നാലിപ്പോള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പ്രചരണം നടത്തിയതിന് രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ജയ്പൂര്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഈ അഞ്ചുപേരില്‍ ജയ്പൂര്‍ നിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.
ലോകരാഷ്ട്രങ്ങളില്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ അനേകായിരം ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ദരും കൊവിഡിനുള്ള മരുന്ന് കണ്ടെത്തുന്നതിനായി അഹോരാത്രം ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വളരെ എളുപ്പത്തില്‍ ശാസ്ത്രീയ അടിത്തറകള്‍ ഒന്നും തന്നെയില്ലാതെ രാംദേവിന് കൊറോണ മരുന്നുമായി രംഗപ്രവേശനം ചെയ്യാന്‍ കഴിയുന്നത്. ഒപ്പം കപട ശാസ്ത്രീയവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നതും.
യോഗയുടെ പ്രചാരണത്തിന്റെ ഭാഗമായി പതഞ്ചലി എന്ന ട്രസ്റ്റ് ആരംഭിക്കുകയും അതുവഴി നേടിയെടുത്ത സ്വീകാര്യതയിലൂടെ ഇതേപേരില്‍ തുടരെ തുടരെ ഓരോരോ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. സോപ്പുകള്‍, ബിസ്‌ക്കറ്റ്, ന്യൂഡില്‍സ്, പാനീയങ്ങള്‍, മരുന്നുകള്‍ തുടങ്ങി വസ്ത്രങ്ങളടക്കം നിത്യോപയോഗ വസ്തുക്കളുടെ ഒരു വന്‍ നിര്‍മാണ വ്യവസായ വിതരണ ശൃംഖലകള്‍ക്ക് തന്നെ പിന്നീടദ്ദേഹം രൂപം നല്‍കി.
ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയിലെ വന്‍കിട ബഹുരാഷ്ട്ര വിതരണ കമ്പനികളെപ്പൊലും വെല്ലുവിളിക്കുന്ന രീതിയിലേക്ക് പതഞ്ജലിയെ മാറ്റിയെടുക്കാന്‍ രാംദേവിന് സാധിച്ചത് അങ്ങേയറ്റം തന്ത്രപരമായ അദ്ദേഹത്തിന്റെ നീക്കങ്ങളിലൂടെയായിരുന്നു. ഇന്ത്യന്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസപരവും രാഷ്ട്രീയപരവുമായ താത്പര്യങ്ങളുടെ ഇടനാഴികളിലൂടെ എങ്ങിനെ ഒരു വ്യവസായ സാമ്രാജ്യം വളര്‍ത്തിയെടുക്കാം എന്നും അതിന് വേണ്ടി എന്തെല്ലാം ചെയ്യണമെന്നും ബാബാ രാംദേവിന് കൃത്യമായി അറിയാമായിരുന്നു. പലപ്പോഴും മണ്ടത്തരങ്ങളെന്ന് നാം വിലയിരുത്തി തള്ളിക്കളഞ്ഞ ബാബ രാംദേവിന്റെ പല പ്രസ്താവനകളും അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുകയായിരുന്നു.
തന്റെ യുക്തിരഹിതവും അടിസ്ഥാനമില്ലാത്തതുമായ അവകാശവാദങ്ങളും പ്രസ്താവനകളും പതഞ്ജലി വിപണിയിലിറക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും അലങ്കാരമായി മാറുകയേയുള്ളൂവെന്ന് രാംദേവിന് അറിയാമെന്നതാണ് സത്യം. ഭരണകൂടത്തിന്റെ പിന്തുണയും ഭക്തജനങ്ങളുടെ പുകഴ്പ്പാട്ടും ഉണ്ടെങ്കില്‍ എന്ത് അശാസ്ത്രീയ വാദങ്ങളും ചിലവാകുമെന്ന് രാംദേവ് പഠിച്ചുവെച്ചിട്ടുണ്ടെന്ന് വിമര്‍ശകര്‍ പറയും.
യോഗാആചാര്യനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബാബാരാംദേവ് യോഗയുടെ പേരും പറഞ്ഞ് നടത്തിയ പൊള്ളവാദങ്ങള്‍ തന്നെ നിരവധിയുണ്ട്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാതിരിക്കാന്‍ യോഗ പഠിപ്പിച്ചാല്‍ മതിയെന്ന അതിവിശിഷ്ടമായ നിരീക്ഷണം നടത്തിയിട്ടുള്ളയാളാണ് അദ്ദേഹം. മാത്രവുമല്ല 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയത് രാഹുല്‍ഗാന്ധി യോഗ ചെയ്യാത്തതുകൊണ്ടാണെന്നാണ് രാംദേവ് അന്ന് പ്രസ്താവന നടത്തിയിരുന്നത്.
കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ യോഗ ചെയ്യാന്‍ പഠിപ്പിക്കണമെന്നും അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന മികച്ച ചികിത്സ യോഗയാണെന്നുമാണ് 2017 ലെ ഇന്ത്യ ടിവി കോണ്‍ക്ലേവില്‍ രാംദേവ് പറഞ്ഞിട്ടുള്ളത്. യോഗ നന്നായി അറിയാവുന്നവര്‍ ഒരിക്കലും തീവ്രവാദിയാവില്ലെന്ന രാംദേവിന്റെ പ്രസ്താവന വളരെ കുപ്രസിദ്ധമാണ്. രാജസ്ഥാനില്‍ അഫ്രസുല്‍ ഖാന്‍ എന്ന യുവാവിനെ ജീവനോടെ ചുട്ടുകൊന്ന് അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ ലൈവ് ചെയ്ത ശംഭുലാല്‍ റീഗര്‍ എന്നയാള്‍ നിത്യവും യോഗ ചെയ്തിരുന്ന വലിയൊരു യോഗപ്രചാരകനായിരുന്നുവെന്നത് ബാബാരാംദേവിനെ ഓര്‍മിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് പറയുന്നവരുമുണ്ട്.
യോഗ പഠിപ്പിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോവാന്‍ തീരുമാനിച്ച വ്യക്തികൂടിയാണ് രാംദേവ്. അങ്ങനെ യോഗ പഠിപ്പിച്ചിങ്ങുപോരുകയല്ല. പഠിപ്പിച്ച് കിട്ടിയ കാശ് പാക്കിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ പറയുന്നതിന് തൊട്ട്മുന്‍പ് പാക്ക് താരങ്ങളെ ബഹിഷ്‌കരിക്കണമെന്ന് രാംദേവ് പറഞ്ഞിരുന്നു എന്നതാണ് വിരോദാഭാസം.
യോഗയുമായി ബന്ധപ്പെട്ട് മാത്രമല്ല, തക്കം പാര്‍ത്തിരുന്ന് കൃത്യസമയത്ത് ചില രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയും രാംദേവ് വിവാദങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. മോദിസര്‍ക്കാറിന്റെ ഇങ്കിതങ്ങള്‍ അറിഞ്ഞ് പെരുമാറാനും സര്‍ക്കാറിനെ പ്രീണിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ കാഴ്ചവെക്കാനും അദ്ദേഹം എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നര്‍ത്ഥം.
രാംദേവിന്റെ ചില രാഷ്ട്രീയ പ്രസ്താവനകള്‍ നോക്കാം. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികാ പദുക്കോണിനോട് രാംദേവ് പറഞ്ഞത് എന്നെപ്പോലുള്ള ആളുകളില്‍ നിന്ന് നല്ല ഉപദേശം സ്വീകരിക്കൂവെന്നാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷയങ്ങള്‍ പഠിച്ച് അറിവ് നേടിയതിന് ശേഷം വേണം ഇത്തരം വലിയ തീരുമാനങ്ങള്‍ എടുക്കാനെന്നും ദീപികക്ക് രാംദേവ് ഒരു ഉപദേശം കൊടുത്തു. രാംദേവിന്റെ ഉപദേശത്തില്‍ വ്യാപകമായ പ്രതിഷേധങ്ങളാണ് അന്നുണ്ടായത്.
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട രാംദേവിന്റെ കാഴ്ചപ്പാടും വളരെ വ്യത്യസ്തമായിരുന്നു. ബീഫ് കഴിക്കുന്നത് ആഗോളതാപനത്തിന് കാരണമാവുമെന്നാണ് രാംദേവ് പറയുന്നത്. നായയുടെയും പൂച്ചയുടെയുമൊക്കെ മാംസം കഴിക്കാം എന്നാല്‍ ബീഫ് കഴിക്കരുതെന്ന് രാംദേവ് ആവര്‍ത്തിച്ച് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
മോദിസര്‍ക്കാരിന് വേണ്ടി ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്യുകയെന്നത് രാംദേവിന് എന്നും പ്രിയപ്പെട്ട കാര്യമായിരുന്നു. അതുകൊണ്ടാണ് രാജ്യത്ത് പശുവിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം സമ്പൂര്‍ണ്ണ ഗോവധ നിരോധനമാണെന്ന് രാംദേവ് പറഞ്ഞത്.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം എടുത്തുകളയണമെന്ന ഒരു വിചിത്രാഭിപ്രായവും രാംദേവിനുണ്ട്. അത് സര്‍ക്കാരിനു മുമ്പില്‍ ഒരാവശ്യമായി അവതരിപ്പിക്കാനും രാംദേവ് മടിച്ചിട്ടില്ല.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാംദേവ് പറഞ്ഞത്, രാമക്ഷേത്രം എന്തായാലും നിര്‍മ്മിക്കണം അത് അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ പോയി നിര്‍മ്മിക്കാന്‍ പറ്റുമോ ? എന്നാണ്.
ഇത്തരത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളോട് തുല്യം ചേര്‍ന്നു നിന്ന് രാംദേവ് പെരുമാറുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. രാംദേവിന്റെ ഭക്തരെയും അനുയായികളെയും ബി.ജെ.പിക്കും ബി.ജെ.പി ഭരണകൂടത്തെ രാംദേവിനും ആവശ്യമുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം തന്റെ പേരും പെരുമയും വര്‍ധിപ്പിക്കാനുള്ള രസക്കൂട്ടുകള്‍ മാത്രമായാണ് രാംദേവ് കണ്ടുപോരുന്നത്. അതുകൊണ്ടാവണം മൊബൈല്‍ ഫോണ്‍ റേഡിയേഷനെ തടയാന്‍ തുളസിയിലക്ക് കഴിയുമെന്നും മൊബൈല്‍ ഫോണ്‍ കവറിന്റെ ഉള്ളില്‍ ഒരു തുളസിയില ഇട്ടാല്‍ മതി എന്നതുപോലുള്ള അശാസ്ത്രീയ പൊള്ളവാദങ്ങളെ പൊടിക്കൈ പോലെ രാംദേവ് ഉപയോഗിക്കുന്നത്.
2002 ല്‍ സന്‍സ്‌കാര്‍ ടിവിയില്‍ വന്ന വയറുകൊണ്ടുള്ള അഭ്യാസപ്രകടനത്തോടെ പ്രശസ്തനായ ഒരു യോഗാഭ്യാസി നിരന്തരം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടും ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞും ബി.ജെ.പി ഭരണകൂടത്തോട് കൂറു പുലര്‍ത്തിയും ഭക്തജനങ്ങളെയും അനുയായികളെയും സൃഷ്ടിച്ചും സ്വന്തം വ്യവസായവും ആത്മീയവ്യാപാരവും വളര്‍ത്തികൊണ്ടുവരുകയാണെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടുതന്നെ ഈ ഭരണകൂടം രാംദേവിന് കുടപിടിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ