പട്‌ന: ബീഹാറില്‍ മഹാസഖ്യം പരാജയപ്പെട്ടെങ്കിലും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് സഖ്യം കാഴ്ചവെച്ചതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഇടത് പക്ഷമാണ്. 29 സീറ്റുകളാണ് ആര്‍.ജെ.ഡി ഇടത് പക്ഷത്തിന് നല്‍കിയത്. ഇതില്‍ 16 സീറ്റുകളിലാണ് ഇടതുപക്ഷം വിജയിച്ചത്. ഒട്ടും മോശമല്ലാത്ത പ്രകടനം.
സി.പി.ഐ.എം.എല്‍ 12, സി.പി.ഐ.എം 2, സി.പി.ഐ 2 എന്നിങ്ങനെയാണ് ഇടത് വിജയിച്ച സീറ്റ്.
ഇടത് പക്ഷത്തിന് മികച്ച സ്വീകാര്യതയാണ് ബീഹാറില്‍ കിട്ടിയത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സി.പി.ഐ.എം.എല്‍ സ്ഥാനാര്‍ത്ഥിയായ മെഹബൂബ് ആലത്തിന് ലഭിച്ച ഭൂരിപക്ഷം.
53597 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബല്‍റാംപൂരില്‍ നിന്ന് അദ്ദേഹം വിജയിച്ചത്.
ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് മെഹബൂബിനും ഇടത് പാര്‍ട്ടിക്കും ലഭിച്ചത്. 2015 ലും മണ്ഡലത്തില്‍ വിജയിച്ചത് മെഹബൂബ് തന്നെയായിരുന്നു. അന്ന് അദ്ദേഹത്തിന് ലഭിച്ച ഭൂരിപക്ഷം 20419 ആയിരുന്നു. ബി.ജെ.പിയുടെ ബരുണ്‍ കുമാര്‍ ഝായെയാണ് അന്ന് മെഹബൂബ് പരാജയപ്പെടുത്തിയത്.
കേരളവും ബംഗാളും കഴിഞ്ഞാല്‍ പിന്നെ ബീഹാറിലാണ് ഇടത് പക്ഷത്തിന് കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ളത്.
2015 ല്‍ സി.പി.എം.എല്ലിന് 3 സീറ്റുകളാണ് ലഭിച്ചത്. സി.പി.ഐ.എമ്മിനും സി.പി.ഐക്കും ഒരു സീറ്റും അന്ന് നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ബീഹാറില്‍ സി.പി.ഐ.എം.എല്ലിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് വിലയിരുത്തലു കള്‍ ഉണ്ടായിരുന്നു. ബീഹാറില്‍ സി.പി.ഐ.എം.എല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മഹാസഖ്യത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെച്ചതും സി.പി.ഐ.എം.എല്ലാണ് എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക