കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. പൊന്‍കുന്നം, പാലാ, കോട്ടയം എന്നിവിടങ്ങളില്‍ കുടുങ്ങി കിടക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഉറപ്പാക്കുന്നതിലാണ് കോടതിയുടെ ഇടപെടല്‍. അവധി ദിനത്തിലാണ് കോടതിയുടെ പ്രത്യേക സിറ്റിങ്.
ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന അസൗകര്യങ്ങള്‍ പരിഹരിക്കുന്നതില്‍ ആവശ്യമാണെങ്കില്‍ ഡി.ജി.പി നേരിട്ട് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രധാന ഇടത്താവളങ്ങളിലെല്ലാം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞുവെക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 മണിക്കൂറുകളോളം ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിഷയത്തില്‍ ഇടപെടുന്നത്.
കുടുങ്ങികിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും എത്തിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുക്കിങ് ചെയ്യാതെ എത്തുന്ന തീര്‍ത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ഉടന്‍ അക്കാര്യത്തില്‍ പരിഹാരം കാണണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Content Highlight: High Court to provide immediate assistance to stranded Sabarimala pilgrims