എം.ജി. സര്‍വകലാശാലയില്‍ ദളിത് എഴുത്തുകാരി രേഖ രാജിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; രണ്ടാം റാങ്കുകാരിയെ നിയമിക്കാന്‍ ഉത്തരവ്
Kerala News
എം.ജി. സര്‍വകലാശാലയില്‍ ദളിത് എഴുത്തുകാരി രേഖ രാജിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; രണ്ടാം റാങ്കുകാരിയെ നിയമിക്കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th August 2022, 8:11 pm

കൊച്ചി: എം.ജി. സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ നിയമനവും ഹൈക്കോടതി റദ്ദാക്കി. ദളിത് എഴുത്തുകാരിയായ രേഖ രാജിനെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസില്‍ നിയമിച്ചതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. രേഖക്ക് അഭിമുഖത്തില്‍ അനര്‍ഹമായ മാര്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് കോടതി ഇടപെടല്‍. റാങ്ക് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരിയായ നിഷ വേലപ്പന്‍ നായരെ തല്‍സ്ഥാനത്ത് നിയമിക്കാനും കോടതി ഉത്തരവില്‍ പറയുന്നു.

നിഷ വേലപ്പന്‍ നായര്‍ തന്നെയാണ് രേഖാ രാജിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. മാര്‍ക്ക് സംബന്ധമായി ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇക്കാര്യം പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് 2019ല്‍ രേഖക്ക് നിയമനം ലഭിച്ചിരുന്നത്.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിനും ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയുണ്ടായിരുന്നു. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹരജിയിലായിരുന്നു നടപടി.

പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്‌കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസര്‍ നിയമനപട്ടികയില്‍ നിന്നും പ്രിയ വര്‍ഗീസിനെ ഒഴിവാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹരജി ഓഗസ്റ്റ് 31ന് വീണ്ടും പരിശോധിക്കും. അതുവരെയാണ് പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്.