ഇനി ബി.ജെ.പിയ്ക്ക് ഞങ്ങളെ ആവശ്യമില്ലെന്ന് തോന്നുന്നു, വേദനയുണ്ട്; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് യു.പിയിലെ ആര്‍.എസ്.എസുകാര്‍
India
ഇനി ബി.ജെ.പിയ്ക്ക് ഞങ്ങളെ ആവശ്യമില്ലെന്ന് തോന്നുന്നു, വേദനയുണ്ട്; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് യു.പിയിലെ ആര്‍.എസ്.എസുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2024, 1:56 pm

ലഖ്നൗ: യു.പിയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ആര്‍.എസ്.എസ് വിട്ടു നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി തലത്തില്‍ ഉണ്ടായ അസ്വസ്ഥതയാണ് പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുപാട് കാലമായി ബി.ജെ.പിക്കൊപ്പം നിന്നിട്ടും യാതൊരുവിധത്തിലുള്ള മെച്ചവും ഉണ്ടായില്ലെന്നും, അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടി തങ്ങള്‍ക്കു വേണ്ടി ചെയ്തു തന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

‘കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നപ്പോള്‍ എന്റെ ജോലിയാണ് നഷ്ടപെട്ടത്. ഞാനൊരു അധ്യാപകനായിരുന്നു. യോഗിയുടെ സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെ സ്വീകരിച്ച നിലപാട് എന്നെ തളര്‍ത്തി. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഞാന്‍ കടത്തിലാണ്. എന്റെ ജീവിതത്തിന്റെ താളം തെറ്റി. പിന്നെ എങ്ങനെ ഞാന്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങും,’ 44 കാരനായ നിതേഷ് കുമാര്‍ ശുക്ല പറഞ്ഞു. എന്നാല്‍ താന്‍ അവര്‍ക്കെതിരെ മുദ്രവാക്യങ്ങളൊന്നും വിളിക്കില്ലെന്ന് പറഞ്ഞ ശുക്ല താന്‍ അത് ചെയ്യാത്തത്, ഇത്രയും കാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയല്ലേ എന്ന് കരുതിയിട്ടാണെന്നും പറഞ്ഞു.

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയിട്ട് പത്ത് വര്‍ഷവും ഉത്തര്‍പ്രദേശില്‍ ഏഴ് വര്‍ഷവും പിന്നിട്ടു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇവിടെയുള്ളവര്‍ പറഞ്ഞു. സ്വന്തം ആളുകള്‍ ആയിരുന്നിട്ടു പോലും തങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

‘ഇനി അവര്‍ക്ക് ഞങ്ങളുടെ സംഘത്തെ ആവശ്യമില്ലെന്ന സന്ദേശമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അവര്‍ മുമ്പത്തെപ്പോലെ സംഘ നേതാക്കളെ സന്ദര്‍ശിക്കാന്‍ പോലും സമയം കണ്ടെത്തുന്നില്ല,’ ആര്‍.എസ്.എസ് പ്രവര്‍ത്തകയായ ഇന്ദ്ര ബഹാദൂര്‍ സിങ് പറഞ്ഞു. സാധാരണയായി, പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി കൂടിയാലോചിക്കുമായിരുന്നു, എന്നാല്‍ ഇത്തവണ സംഘടനയെ പൂര്‍ണമായും മാറ്റി നിര്‍ത്തിയെന്നും ബഹാദൂര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായാണ് യു.പി യില്‍ വോട്ടെടുപ്പ്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമില്ലാതെയാണ് യു.പിയില്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയോടുള്ള അതൃപ്തി തന്നെയാണ് ഈ നിശബ്ദ പ്രചരണങ്ങള്‍ക്ക് കാരണമായി ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlight: ‘Heart has soured’-UP’s RSS workers are lying low in BJP campaign