ലഖ്‌നൗ: ഹാത്രാസ് കൂട്ട ബലാത്സംഗക്കേസ് സി.ബി.ഐയോ എസ്.ഐ.ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹരജിയില്‍ ഇന്ന് സുപ്രീംകോടതി വിധിപറയും. നേരത്തെ കേസില്‍ അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടെയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിയപ്പോള്‍ കോടതി പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ദല്‍ഹിയിലെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് യു.പി പൊലീസിനെതിരെയുള്ള പൊതുതാല്‍പര്യ ഹരജിയിലും ഇന്ന് തീര്‍പ്പുണ്ടാവും.
സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.