കാനഡയില്‍ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 71 ശതമാനത്തിന്റെ വര്‍ധന
World News
കാനഡയില്‍ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 71 ശതമാനത്തിന്റെ വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2022, 5:55 pm

ഒന്റാരിയോ: കാനഡയിലെ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 71 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഏജന്‍സിയായ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 2020ല്‍ 84 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021ല്‍ അത് 144 എണ്ണമായി. 2019ല്‍ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള കൂറ്റകൃത്യങ്ങളുടെ എണ്ണം 182 ആയിരുന്നു.

ഒന്റാരിയോയിലെ ലണ്ടനില്‍ നടന്ന അഫ്‌സാല്‍ ഫാമിലിയിലെ 4 പേരുടെ കൊലപാതകവും 2021 ലെ കണക്കില്‍ പെടും.

20 കാരനായ നഥാനിയേല്‍ വെല്‍റ്റ്മാന്‍ തന്റെ പിക്കപ്പ് വാന്‍ ഇടിച്ചാണ് അഫ്‌സാല്‍ കുടുംബത്തിലെ നാലുപേരെ മനപൂര്‍വ്വം കൊന്നത്. സല്‍മാന്‍ അഫ്‌സല്‍ (46), മദിഹ(44), 77 വയസ്സുള്ള അവരുടെ ഉമ്മ, 15 വയസുള്ള മകള്‍ യുമ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇവരെ യുവാവ് വണ്ടി ഇടിച്ച് കൊന്നത്. അപകടത്തില്‍ ഒമ്പത് വയസുകാരന്‍ ഫേസ് മാത്രമാണ് രക്ഷപ്പെട്ടത്.

അക്രമണം മുസ്‌ലിം വിദ്വേഷം കാരണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അതേസമയം, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇതിനെ ‘ഭീകരാക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്.

‘ വിദ്വേഷം കാരണം 2021ല്‍ വീണ്ടും കനേഡിയയില്‍ മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടു. ഈ കണക്കുകള്‍ മുഴുവനല്ല, വിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നതിനേക്കാള്‍ കൂടുതലാണെന്ന് ഞങ്ങള്‍ക്കറിയാം’ എന്നാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കനേഡിയന്‍ മുസ്‌ലീസ് (NCCM) ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഇസ്ലാമോഫോബിയയെ അപലപിക്കുകയും കാനഡയിലെ മുസ്‌ലീങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങള്‍ നിരവധി രാഷ്ട്രീയക്കാരില്‍ നിന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും, ഇസ്ലാമോഫോബിയയെ നേരിടാനുള്ള നടപടികള്‍ പൂര്‍ണമായും നടപ്പിലാവുന്നില്ലെന്നും എന്‍.സി.സി.എം പറഞ്ഞു.

ഇനിയും ജീവന്‍ നഷ്ടപ്പെടുന്നത് ഞങ്ങള്‍ക്ക് കണ്ടുനില്‍ക്കാനാവില്ലെന്നും, ഇസ്‌ലാമോഫോബിയ മാരകമാണെന്നും, ഉടനടി വേണ്ട നടപടികള്‍ എടുക്കണമെന്നും എന്‍.സി.സി.എം കൂട്ടിച്ചേര്‍ത്തു.

മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ മാത്രമല്ല വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജൂതന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ 47 ശതമാനവും കത്തോലിക്ക വിഭാഗത്തിനെതിരായ ആക്രമണങ്ങള്‍ 260 ശതമാനവും വര്‍ധിച്ചു.

കാനഡയില്‍ മൊത്തം വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം എടുക്കുമ്പോള്‍ 2020ലെ 2,646 കുറ്റങ്ങളില്‍ നിന്ന് 2021ലെത്തുമ്പോള്‍ 27 ശതമാനത്തിന്റെ വര്‍ധനയോടെ 3,360 ആയി ഉയര്‍ന്നിരിക്കുകയാണ്.

Content Highlight: Hate crimes against Muslim Communities in Canada jump 71 percent