Cricket
ബുംറക്കും രക്ഷയില്ല; എട്ട് ഓവര്‍ മത്സരം തോല്‍ക്കാനുള്ള പോക്കിലാണോ? അവസാന ഓവര്‍ എറിഞ്ഞ ചെണ്ടയെ മാറ്റാന്‍ സമയമായില്ലെ?
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 23, 05:08 pm
Friday, 23rd September 2022, 10:38 pm

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. മഴ കാരണം എട്ട് ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 90 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ ബാറ്റിങ്ങിനിറിങ്ങുകയായിരുന്നു.

ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്കായി മികച്ച തുടക്കമായിരുന്നു നായകന്‍ ആരോണ്‍ ഫിഞ്ച് നല്‍കിയത്. 15 പന്തില്‍ 31 റണ്‍സ് നേടി ഫിഞ്ച് ഓസീസിന് മികച്ച ഒരു സ്റ്റാര്‍ട്ട് നല്‍കി. എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ലായിരുന്നു.

എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മാത്യു വെയ്ഡ് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു.

20 പന്ത് നേരിട്ട് 43 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. അക്‌സര്‍ പട്ടേലൊഴികെ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

രണ്ട് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടാന്‍ അക്‌സറിനായി.

സ്റ്റാര്‍ പേസര്‍ ബുംറക്ക് തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സാധിച്ചില്ല. രണ്ടോവര്‍ എറിഞ്ഞ അദ്ദേഹം 23 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ചെണ്ട ഹര്‍ഷല്‍ പട്ടേലായിരുന്നു. ആദ്യ മത്സരത്തിലെ മോശം പ്രകടനം അദ്ദേഹം ഇവിടെയും തുടരുകയായിരുന്നു.

രണ്ട് ഓവറില്‍ 32 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. അവസാന ഓവറില്‍ മൂന്ന് സിക്‌സറാണ് അക്‌സറിനെതിരെ മാത്യു വെയ്ഡ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് നായകന്‍ രോഹിത്തും രാഹുലും നല്‍കിയിരിക്കുന്നത്. ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് സിക്‌സറടക്കം 20 റണ്‍സാണ് ഇരുവരും അടിച്ചത്. മത്സരം ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ഹര്‍ഷല്‍ പട്ടേല്‍ എയറില്‍ കയറുമെന്നതില്‍ ഒരു സംശയവുമില്ല.

Content Highlight: Harshal Patel and Jasprit Bumrah smashed by Australian Batters