കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടി താരമായിരിക്കുകയാണ് 22കാരനായ ഹാരി ബ്രൂക്ക്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 55 പന്തുകളിലായിരുന്നു താരം ടി20 സെഞ്ച്വറി തികച്ചത്. ഹാരി ബ്രൂക്കിന്റെ കരിയറിലെ രണ്ടാമത്തെ ടി20 സെഞ്ച്വറിയാണിത്.
ലോക ക്രിക്കറ്റിലെ മികച്ച യുവ പ്രതിഭകളിലൊരാളായി അറിയപ്പെടുന്ന ഹാരി ബ്രൂക്കിനെ 13.25 കോടി രൂപക്കായിരുന്നു ഐ.പി.എല്‍ ലേലത്തില്‍ സണ്‍റൈസേഴ്സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 29 റണ്‍സ് മാത്രമേ താരത്തിന് നേടാനായിരുന്നുള്ളു. ഈ നിലയില്‍ നിന്നാണ് 2023 സീസണിലെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയുമായി ഹാരി ബ്രൂക്ക് തന്റെ വരവറിയിച്ചത്.
ഐ.പി.എല്ലിലെ ആദ്യ മത്സരം മുതല്‍ തന്റെ കാമുകിയും കുടുംബവും ഇന്ത്യയില്‍ വന്നിരുന്നെന്നും, എന്നാല്‍ ഇപ്പോള്‍ കുടുംബം തിരിച്ചുപോയെന്നും മത്സരത്തിന്റെ ഇടവേളക്കിടെ ടി.വി ഒഫീഷ്യല്‍സിനോട് സംസാരിക്കവെ ബ്രൂക്ക് വെളിപ്പെടുത്തി.
‘എന്റെ കാമുകി ഇവിടെ സ്റ്റേഡിയത്തിലുണ്ട്. എന്റെ കുടംബവും ഇന്ത്യയിലേക്ക് വന്നിരുന്നു. പക്ഷേ കുടുംബത്തിലെ മറ്റുള്ളവര്‍ തിരിച്ചുപോയി. അവര്‍ പോയിക്കഴിഞ്ഞാല്‍ കുറച്ച് റണ്‍സ് നേടാനാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു(ചിരിക്കുന്നു). ഇല്ല, സത്യസന്ധമായി പറഞ്ഞാല്‍ അവരെല്ലാമിപ്പോള്‍ എന്നെ ഓര്‍ത്ത് സന്തോഷിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ബ്രൂക്ക് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഇന്നിങ്ങ്‌സുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പരാജയപ്പെട്ട ഹാരി ബ്രൂക്ക് കരുതിയാണ് കൊല്‍ക്കത്തയിലെ സ്പിന്‍ ബൗളര്‍മാരെ നേരിട്ടത്. 26 സ്പിന്‍ പന്തുകള്‍ നേരിട്ട ബ്രൂക്ക് 34 റണ്‍സെടുത്തപ്പോള്‍, 26 പേസ് ബോളുകളിലാണ് 66 റണ്‍സ് നേടിയത്.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സിനായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്ററാണ് ഹാരി ബ്രൂക്ക്. കഴിഞ്ഞ നാല് മാസത്തിനിടെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ തികച്ച താരമാണ് ഈ ഇംഗ്ലീഷ് ബാറ്റര്‍.