ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ച് നേരിടുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവിധ അതിര്‍ത്തികളില്‍ വെച്ച് കര്‍ഷകരെ പൊലീസ് തടയുന്നുണ്ട്. എന്നാല്‍ ഒരടി പോലും പിന്നോട്ടില്ലെന്നും ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കര്‍ഷകരും.
സംഘര്‍ഷവും അരാജകത്വവും നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാത്തിലുമുപരിയാണ് മാനവിതക എന്ന് തെളിയിക്കുന്ന ചില സംഭവങ്ങളും സമരത്തിനിടെ നടക്കുന്നുണ്ട്. കര്‍ഷകരോട് അന്യായമായി പെരുമാറുന്ന പൊലീസുകാരോടടക്കം അനുകമ്പ കാണിക്കുന്ന കര്‍ഷകരുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്.
സംഘര്‍ഷത്തിനിടെ തളര്‍ന്ന ഒരു പൊലീസുകാരന് ഒരു കര്‍ഷകന്‍ കുടിവെള്ളം നല്‍കുന്നതാണ് വൈറലാകുന്ന ഒരു ചിത്രം. സിഖുകാരനായ കര്‍ഷകനാണ് പൊലീസുകാരന് വെള്ളം നല്‍കുന്നത്.
നിരവധി പേരാണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ‘കൃഷിക്കാരാണ് നമ്മുടെ അന്നദാതാവ്. അന്നം തരുന്നവര്‍ക്ക് നമ്മള്‍ സമയം നല്‍കണം. അത് ന്യായമല്ലേ? പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാവില്ലേ? കര്‍ഷകരെ ദയവായി കേള്‍ക്കൂ’, എന്നാണ് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ എഴുതിയത്.
കര്‍ഷകര്‍ പൊലീസിന് കുടിവെള്ളം നല്‍കുന്ന ചിത്രവും ഹര്‍ഭജന്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബില്‍ ഉടലെടുത്ത കര്‍ഷക സമരത്തെ പിന്തുണച്ചും ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കില്‍ സന്തോഷവാന്‍മാരായുള്ള കര്‍ഷകര്‍ വേണമെന്നും അന്ന് ഹര്‍ഭജന്‍ പറഞ്ഞിരുന്നു.
‘ ഇത് നമ്മുടെ കടമയാണ്. താഴ്മയുള്ളവനാകാനും ആളുകളെ സേവിക്കാനും നമുക്കുള്ളത് മറ്റുള്ളവര്‍ക്ക് പങ്കിടാനുമാണ് ഗുരു നമ്മെ പഠിപ്പിച്ചത്’ എന്നുപറഞ്ഞാണ് ചിലര്‍ ഈ ചിത്രം പങ്കുവെക്കുന്നത്. അന്നം തരുന്ന കര്‍ഷകരെ കേള്‍ക്കാന്‍ മനസുകാണിക്കാത്ത അധികാരികള്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും ചിലര്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക