Advertisement
Cricket
സ്വന്തം മണ്ണിൽ കൂട്ടത്തകർച്ച; ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് ഗുജറാത്ത് കൊണ്ടുപോയി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 17, 03:29 pm
Wednesday, 17th April 2024, 8:59 pm

2024 ഐ.പി.എല്ലിലെ 32ാം മത്സരമായ ഗുജറാത്ത് ടൈറ്റന്‍സ്- ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന്റെ ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. തുടക്കത്തില്‍ തന്നെ ഗുജറാത്ത് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഗുജറാത്ത് സ്‌കോര്‍ 11ല്‍ നില്‍ക്കെ നായകന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്.

ആറ് പന്തില്‍ എട്ട് റണ്‍സ് നേടി ഗില്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ പ്രിത്വി ഷാക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ വൃദിമാന്‍ സാഹയേയും ആതിഥേയര്‍ക്ക് നഷ്ടമായി. മുകേഷ് കുമാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് സാഹ മടങ്ങിയത്. 10 പന്തില്‍ രണ്ട് റണ്‍സ് ആയിരുന്നു സാഹ നേടിയത്.

നാലാം ഓവറിന്റെ തുടക്കത്തില്‍ തന്നെ ഒമ്പത് പന്തില്‍ 12 റണ്‍സ് നേടിയ സായ് സുദര്‍ശനെ സുമിത്ത് കുമാര്‍ റണ്ണൗട്ട് ആക്കി പവലിയനിലേക്ക് മടക്കി അയക്കുകയായിരുന്നു.

ആ ഓവറിലെ അവസാന പന്തില്‍ ഡേവിഡ് മില്ലറെയും പുറത്താക്കിക്കൊണ്ട് ഇശാന്ത് ശര്‍മ വീണ്ടും കരുത്തുകാട്ടി. ആറു പന്തില്‍ രണ്ട് റണ്‍സ് നേടിയ സൗത്താഫ്രിക്കന്‍ താരത്തെ ഇശാന്ത് വിക്കറ്റിന് പിന്നിലുള്ള നായകന്‍ റിഷബ് പന്തിന്റെ കൈകളില്‍ എത്തിച്ചാണ് പുറത്താക്കിയത്.

ഒടുവില്‍ പവര്‍ പ്ലേ പിന്നിട്ടപ്പോള്‍ ഗുജറാത്ത് 30 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയില്‍ ആയിരുന്നു. ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് ഗുജറാത്ത് ടൈറ്റന്‍സിനെ തേടിയെത്തിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ സ്വന്തം ഹോം ഗ്രൗണ്ടില്‍ പവര്‍പ്ലെയില്‍ ഗുജറാത്ത് നേടുന്ന ഏറ്റവും കുറഞ്ഞ റണ്‍സ് എന്ന മോശം നേട്ടമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഇതിനുമുമ്പ് 2023 മൂന്നില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 31 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എന്ന സ്‌കോര്‍ ആയിരുന്നു ഗുജറാത്ത് തങ്ങളുടെ നേടിയ പവര്‍ പ്ലേയിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

ട്രിസ്റ്റന്‍ സ്റ്റബ്‌സ് അഭിനവ് മനോഹറിനെയും ഷാരൂഖ് ഖാനെയും പുറത്താക്കിക്കൊണ്ട് വീണ്ടും ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തി.

Content Highlight: Gujarath Titans create a unwanted record in IPL