പരിക്കേറ്റ് ഐ.പി.എല്ലില്‍ നിന്നും പുറത്തായ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ് പകരക്കാരനെ പ്രഖ്യാപിച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ്. ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയെയാണ് ടൈറ്റന്‍സ് വില്യംസണ് പകരക്കാരനായി കൊണ്ടുവന്നിരിക്കുന്നത്.
ഐ.പി.എല്‍ 2023ന്റെ ഓപ്പണിങ് മാച്ചിനിടെയായിരുന്നു കെയ്ന്‍ വില്യംസണ് പരിക്കേറ്റത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ബൗണ്ടറി ലൈനിന് സമീപം നടത്തിയ സേവിനിടെ താരത്തിന്റെ കാലിന് പരിക്കേല്‍ക്കുകയും ഐ.പി.എല്ലില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കേണ്ടി വരികയുമായിരുന്നു.
View this post on Instagram
ഇതോടെയാണ് കോടികള്‍ മുടക്കി ടീമിലെത്തിച്ച വില്യംസണ് പകരക്കാരനെ തേടി ഗുജറാത്ത് ഇറങ്ങിയത്. ആ യാത്ര ചെന്ന് അവസാനിച്ചതാകട്ടെ ദാസുന്‍ ഷണക എന്ന മഹാമേരുവിന് മുമ്പിലും. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ടൈറ്റന്‍സ് താരത്തെ ടീമിലെത്തിച്ചത്.
ഷണകയെ പകരക്കാരനായി പ്രഖ്യാപിച്ചതോടെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാണ്. ഗുജറാത്ത് ഉറപ്പായും കിരീടം നിലനിര്‍ത്തുമെന്നും വില്യംസണ് പരിക്കേറ്റത് നന്നായി എന്നുപോലും ആരാധകര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വെച്ച് നടന്ന ഐ.പി.എല്‍ മിനി ലേലത്തില്‍ ഒരു ടീമും ദാസുന്‍ ഷണകയെ ടീമിലെടുക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. മികച്ച സ്റ്റാറ്റ്‌സ് ഉണ്ടായിട്ടും അടിസ്ഥാന വിലക്ക് പോലും ഷണകയെ ടീമിലെത്തിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല.
എന്നാല്‍ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ താരത്തിന്റെ ബാറ്റിങ് കണ്ട് ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരുന്നു. സിക്‌സറും ഫോറുമായി കളം നിറഞ്ഞാടിയ ഷണകക്ക് മുമ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി മറക്കുകയായിരുന്നു. മറ്റ് ലങ്കന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുമ്പോഴും ഷണകക്ക് മുമ്പില്‍ പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിര നിന്ന് വിയര്‍ക്കുകയായിരുന്നു.
അതേസമയം, ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ബാറ്റിങ് തുടരുകയാണ്. 163 റണ്‍സ് പിന്തുടരുന്ന ടൈറ്റന്‍സ് നിലവില്‍ എട്ട് ഓവറില്‍ 66 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്.
വൃദ്ധിമാന്‍ സാഹ, ശുഭ്മന്‍ ഗില്‍, ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റാണ് ടൈറ്റന്‍സിന് നഷ്ടമായത്. സാഹയെയും ഗില്ലിനെയും ആന്റിച്ച് നോര്‍ക്യ മടക്കിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ ഖലീല്‍ അഹമ്മദും പുറത്താക്കി. 23 റണ്‍സ് നേടിയ സായ് സുദര്‍ശനും ഏഴ് റണ്‍സുമായി വിജയ് ശങ്കറുമാണ് ക്രീസില്‍.
Content highlight: Gujarat Titans announces Dasun Shanaka as Kane Williamson’s replacement