Kerala News
സിനിമകളില്‍ മുസോളിനിയും ഹിറ്റ്‌ലറും ശീലമാക്കിയതൊക്കെ തന്നെയാണ് 'ജി'യും ചെയ്യുന്നത്; എമ്പുരാന്‍ വിവാദത്തില്‍ ടി.എന്‍. പ്രതാപന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 10:48 am
Sunday, 30th March 2025, 4:18 pm

തൃശൂര്‍: ഇത്രകണ്ട് അസഹിഷ്ണുതയുള്ള സത്യത്തെ ഇങ്ങനെ പേടിക്കുന്ന ഒരു വര്‍ഗമാണല്ലോ ഈ രാജ്യം ഭരിക്കുന്നതെന്ന് എമ്പുരാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍.

കലാപത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിക്കളയുമത്രെ, അപ്പോള്‍ ഇതുവരെ കണ്ടവരുടെ മനസില്‍ നിന്ന് അവരെ വിളിച്ചുവരുത്തി മായ്ച്ച് കളയാന്‍ വകുപ്പുണ്ടോയെന്നും പ്രതാപന്‍ ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുന്‍ കോണ്‍ഗ്രസ് എം.പിയുടെ പ്രതികരണം.

‘സിനിമയിലെ വില്ലന്റെ പേര് മാറ്റുമത്രെ! വില്ലന്റെ പേര്, ബല്‍രാജ് ബജ്‌രംഗി എന്ന് മാറ്റി, ബാബു ബജ്‌രംഗി എന്നോ ബാബു ഭായ് പട്ടേല്‍ എന്നോ നരേന്ദ്രഭായ് എന്നോ സുരേഷ് ചാര എന്നോ അങ്ങനെ എന്ത് പേര് വെച്ചാലും, ഇനി ഇതൊന്നുമല്ലാതെ വേറെ പേര് വെച്ചാലും നരോദ പാട്യയിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ നരാധമന്മാരെ രാജ്യത്തിന് അറിയാം,’ ടി.എന്‍. പ്രതാപന്‍ കുറിച്ചു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിനിമയിലെ ദൃശ്യങ്ങള്‍ വീണ്ടും 2002ലെ ആ മാര്‍ച്ച് മാസത്തിലെ നിഷ്ഠൂരമായ കലാപക്കാഴ്ചയിലേക്ക് തന്റെ ഓര്‍മകളെ കൊണ്ടുപോയെന്നും പ്രതാപന്‍ പറഞ്ഞു.

ടി.എന്‍. പ്രതാപന്‍

2002 ഫെബ്രുവരി 27 ഗോധ്രയില്‍ വെച്ച് സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 കര്‍സേവകര്‍ വെന്തുമരിച്ചിരുന്നു. അതില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഗോധ്രയിലെ മുസ്‌ലിങ്ങളായ അക്രമി സംഘമാണ് സബര്‍മതി തീവണ്ടിയുടെ എസ്6 ബോഗി കത്തിച്ചതെന്ന് പ്രചരണമുണ്ടായി. പിന്നെ കലാപം ഗുജറാത്തിന്റെ പല ഭാഗങ്ങളില്‍ അരങ്ങേറി.

മോദി സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന്റെ കണ്ടെത്തലുകള്‍ സംഘപരിവാറിന്റെ ആരോപണത്തെ ശരിവെച്ചു. ഫാസ്റ്റ് ട്രാക് കോടതി ശിക്ഷയും വിധിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ബാനര്‍ജി കമ്മീഷന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ സിറ്റിസണ്‍ ട്രിബ്യുണല്‍, യു.കെ സര്‍ക്കാരിന്റെ അന്വേഷണം എന്നിവ സംഘപരിവാര്‍ ആരോപണത്തെ തള്ളിയെന്നും ടി.എന്‍. പ്രതാപന്‍ ചൂണ്ടിക്കാട്ടി.

പിന്നീട് കര്‍സേവകര്‍ പാചകം ചെയ്യാന്‍ ഉപയോഗിച്ച മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് കണ്ടെത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം പുറത്തുനിന്ന് കത്തിച്ചതാവാന്‍ സാധ്യതയില്ലെന്ന് കണ്ടെത്തിയതായി മുന്‍ ഡി.ജി.പി ജാതവേദന്‍ നമ്പൂതിരി എഴുതിയിട്ടുണ്ട്.

തെഹല്‍കയുടെ ഒളികാമറ അന്വേഷണത്തില്‍ അന്നത്തെ ഗുജറാത്ത് പൊലീസും പ്രോസിക്യൂഷനും തെളിവുകളും സാക്ഷികളും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. കര്‍സേവകരുടെ യാത്രാ പ്ലാനിനെ പറ്റി അറിവുണ്ടായിരുന്നത് ഗോധ്രയിലെ മുസ്‌ലിങ്ങൾക്കല്ല, ചില ഹിന്ദുത്വര്‍ക്കായിരുന്നുവെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതാപന്‍ കുറിച്ചു.

ഒരുനിലയ്ക്ക് അര്‍ധ സത്യങ്ങളും അതിശയോക്തികളും പച്ച നുണകളും ചേര്‍ത്തുവെച്ച് എത്രയെത്ര സിനിമകളാണ് ഇവിടെ ഇറങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു. ഓരോന്നും വര്‍ഗീയത പാടിപ്പുകഴ്ത്തുന്നവ. പണ്ട് മുസോളിനിയും ഹിറ്റ്‌ലറും ഇറ്റാലിയന്‍, ജര്‍മന്‍ ഫിലിം ഇന്‍ഡസ്ട്രികള്‍ കൈയടക്കി പ്രോപഗണ്ട പടങ്ങള്‍ ഇറക്കുന്നത് ശീലമാക്കിയിരുന്നു. ഇവിടെയും നമ്മുടെ ജി അതുതന്നെയാണ് ചെയ്യുന്നതെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ക്ക് പുറമെ സിനിമയെ കുറിച്ചും ടി.എന്‍. പ്രതാപന്‍ പരാമര്‍ശിച്ചു. ലൂസിഫറിനോളം ഭദ്രമല്ലെങ്കിലും എമ്പുരാന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ് ഇതിന്റെ തിരക്കഥ തന്നെയാണ്. മുരളി ഗോപിയുടെ സംഭാഷണങ്ങള്‍ക്ക് എന്തൊരു ആഴമാണ്. മുരളിയുടെ എഴുത്തില്‍ ഇഴചേര്‍ന്നു കിടക്കുന്ന ഫിലോസഫി സിനിമയുടെ ത്രില്ലിങ് ഫാക്റ്ററാണെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

ഈ തിരക്കഥയെ ഇത്ര ഗംഭീരമായ ഒരു വിഷ്വല്‍ ട്രീറ്റായി മലയാളിക്ക് സമ്മാനിച്ച പൃഥ്വിരാജിന് അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം പ്രിയദര്‍ശിനിയായി തിളങ്ങിയ മഞ്ജുവാര്യരുടേതാണെന്നും പ്രതാപന്‍ പറഞ്ഞു.

മഞ്ജു വാര്യർ

ഈ സിനിമയിലെ ഏറ്റവും മികച്ച കാരക്ടര്‍ ക്രാഫ്റ്റും പ്രിയദര്‍ശിനി രാംദാസിന്റെ തന്നെ. ടോവിനോയുടെ രംഗങ്ങളും മികച്ചതായി. സുരാജ് വെഞ്ഞാറമൂട്, ബൈജു, ഇന്ദ്രജിത്ത്, ആന്‍ഡ്രിയ റ്റിവിടാര്‍ എന്നിങ്ങനെ എല്ലാ അഭിനേതാക്കളും അവര്‍ക്കവര്‍ക്ക് കിട്ടിയ രംഗങ്ങള്‍ അതിഗംഭീരമാക്കി എന്നുപറയാതെ വയ്യ. കാസ്റ്റിങ് മികച്ചതായി എന്നത് തന്നെ സിനിമയുടെ കെട്ടുറപ്പാണെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി.

എമ്പുരാനില്‍ വിമര്‍ശനം എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും എതിരെ വരുന്നുണ്ട്. ഒരുകൂട്ടര്‍ക്ക് മാത്രം പൊള്ളുന്നു പൊളിയുന്നു എന്നേയുള്ളൂ. എന്നാല്‍ ഈ സിനിമയില്‍ മതവും-രാഷ്ട്രീയവും കൂടിക്കലരരുത് എന്ന മഹത്തായ സന്ദേശം നന്നായി തന്നെ പറഞ്ഞു. അതിന് ഒരിക്കല്‍ കൂടി പൃഥ്വിരാജിനും മുരളി ഗോപിക്കും മോഹന്‍ലാലിനും അഭിനന്ദനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: T.N. Prathapan in the Empuran controversy