2025 IPL
എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു; തോല്‍വിയുടെ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഹാനെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 16, 03:01 am
Wednesday, 16th April 2025, 8:31 am

ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് സ്വന്തമാക്കിയത് വമ്പന്‍ വിജയമാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പോലും തിരുത്തിക്കുറിച്ച 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തം തട്ടകമായ മുല്ലാന്‍പൂരില്‍ സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട് പഞ്ചാബ് വിജയം നേടുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും ശ്രേയസ് അയ്യരിന്റെ പഞ്ചാബിന് സാധിച്ചു.

ഇപ്പോള്‍ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍. തന്റെ പുറത്താകലാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് രഹാനെ സ്വയം കുറ്റപ്പെടുത്തി. എല്‍.ബി.ഡബ്ല്യുവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. എന്നാല്‍ പന്ത് ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്തതിനാല്‍ ഡി.ആര്‍.എസ് എടുത്തിരുന്നെങ്കില്‍ രഹാനെ രക്ഷപ്പെടുമായിരുന്നു. പക്ഷേ അമ്പയറുടെ തീരുമാനം രഹാനെ ശരിയാണെന്ന് കരുതുകയായിരുന്നു.

‘എന്റെ പുറത്താകലോടെ ബാറ്റിങ് തകര്‍ച്ച ആരംഭിച്ചതിനാല്‍ എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു. പന്ത് സ്റ്റംപില്‍ നിന്ന് പുറത്തേക്ക് പോകുമോ അതോ ഓഫില്‍ നിന്ന് പുറത്തേക്ക് പിച്ച് ചെയ്യുമോ എന്ന് എനിക്കും ആംഗ്രിഷിനും ഉറപ്പില്ലായിരുന്നു. അത് അമ്പയറുടെ തീരുമാനമായിരിക്കുമെന്ന് ഞാന്‍ കരുതി, അതിനാല്‍ ഒരു റിവ്യൂ പാഴാക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

ഞങ്ങള്‍ മോശമായി ബാറ്റ് ചെയ്തു, ഞങ്ങളുടെ തെറ്റുകള്‍ അംഗീകരിക്കാന്‍ സമയമായി. ബൗളര്‍മാര്‍ പ്രകടനം കാഴ്ചവെച്ച രീതിക്ക് അവര്‍ നന്ദി പറയുന്നു, പക്ഷേ ബാറ്റര്‍മാര്‍ അവരെ നിരാശരാക്കി. ഈ തോല്‍വിയില്‍ നിന്ന് മുന്നോട്ട് പോകാന്‍ ഞങ്ങള്‍ പോസിറ്റീവും ആത്മവിശ്വാസവും ഉള്ളവരായിരിക്കണം. ഈ പിച്ചില്‍ സ്വീപ്പ് ഷോട്ട് നടപ്പിലാക്കുന്നത് എളുപ്പമല്ലായിരുന്നു, ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കേണ്ട ആവശ്യമുണ്ടായിരുന്നു, അത് ഞങ്ങള്‍ ചെയ്തില്ല. ഞങ്ങള്‍ അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ചു,’ രഹാനെ പറഞ്ഞു.

മത്സരത്തില്‍ രഹാനെ 17 പന്തില്‍ 17 റണ്‍സായിരുന്നു  നേടിയത്. ആംഗ്രിഷ് രഘുവംശി 28 പന്തില്‍ 37 റണ്‍സ് നേടി കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തി.പഞ്ചാബിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പ്രഭ്‌സിമ്രാന്‍ സിങ്ങാണ്. 30 റണ്‍സായിരുന്നു താരം നേടിയത്.

സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ മാജിക്കല്‍ സ്‌പെല്ലാണ് ലോ സ്‌കോറിങ് മത്സരത്തില്‍ പഞ്ചാബിന് വിജയം സമ്മാനിച്ചത്. 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. മത്സരത്തിലെ താരമാകാനും ചഹലിന് സാധിച്ചിരുന്നു. ഏഴ് എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്.

 

Content Highlight: IPL 2025: Ajinkya Rahane Talking About Lose Against Panjab Kings