ഭോപാല്‍: ഇന്ത്യയിലെ നിയമ കോളേജുകളിലും സര്‍വകലാശാലകളിലും പുരാതന നിയമതത്വ ചിന്ത ഉള്‍പ്പെടുത്തണമെന്നതാണ് സുപ്രീം കോടതിയുടെ ലക്ഷ്യമെന്ന് സുപ്രീം കോടതി ജസ്റ്റിസ് പങ്കജ് മിത്തല്‍. വേദങ്ങളിലും പുരാണങ്ങളിലും അടങ്ങിയിരിക്കുന്ന പുരാതന നിയമ തത്വചിന്തകള്‍ ലോ കോളേജുകളും സര്‍വകലാശാലകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് പങ്കജ് മിത്തല്‍ പറഞ്ഞു.
സുപ്രീം കോടതിയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭോപാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച നിയമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധിന്യായങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രാദേശിക ഭാഷകളില്‍ ലഭ്യമാകുന്നതിലൂടെ രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ ഇന്ത്യാവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പങ്കജ് മിത്തല്‍ പറഞ്ഞു.
പാശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്നല്ല, മറിച്ച് ഇന്ത്യയുടെ പുരാതന നിയമ യുക്തിയില്‍ നിന്നുള്ള ആശയങ്ങളില്‍ നിന്നും തുല്യതയെയും നീതിയെയും കുറിച്ച് നിയമവിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നിയമ സ്‌കൂളുകള്‍ അവരുടെ നിയമ പാഠ്യപദ്ധതിയുടെ ഭാഗമായി പുരാതന ഇന്ത്യന്‍ നിയമ, ദാര്‍ശനിക പാരമ്പര്യങ്ങള്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പരാമര്‍ശിച്ചു.
വേദങ്ങള്‍, സ്മൃതികള്‍, അര്‍ത്ഥശാസ്ത്രം, മനുസ്മൃതി, ധര്‍മങ്ങള്‍, മഹാഭാരതത്തിലെയും രാമായണത്തിലെയും ഇതിഹാസങ്ങള്‍ എന്നിവ സാംസ്‌കാരിക കലാസൃഷ്ടികളായി സൂക്ഷിക്കുന്നതിനുപകരം പാഠ്യപദ്ധതിയില്‍ നടപ്പിലാക്കണമെന്നും ജസ്റ്റിസ് പങ്കജ് മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
നിയമ കോളേജുകളും സര്‍വകലാശാലകളും നിര്‍ദ്ദേശിക്കുന്ന വിഷയത്തിന് ധര്‍മ്മവും ഇന്ത്യന്‍ നിയമചിന്തയും അല്ലെങ്കില്‍ ഇന്ത്യന്‍ നിയമ നിയമശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍ എന്ന് പേരിടണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.
അതൊരു പാഠപുസ്തക വായനയില്‍ മാത്രം ഒതുങ്ങരുതെന്നും പരമ്പരാഗത ഇന്ത്യന്‍ നീതിന്യായ ആശയങ്ങളും അവയുടെ ആധുനിക ഭരണഘടനാ പ്രതിഫലനങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തണമെന്നും ജഡ്ജി നിര്‍ദേശിച്ചു.
Content Highlight: Vedas and Puranas should be included in law curriculum: Supreme Court Judge Pankaj Mittal