ക്യാമ്പസ് സിനിമകളുടെ പട്ടികയില്‍ മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്ന ചിത്രമാണ് 2006 ല്‍ പുറത്ത് വന്ന ക്ലാസ്‌മേറ്റ്‌സ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ജെയിംസ് ആല്‍ ബേര്‍ട്ടാണ് കഥയും തിരക്കഥയും നിര്‍വഹിച്ചത്.
ഇപ്പോള്‍ ക്ലാസ്‌മേറ്റ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.
ക്ലാസ്‌മേറ്റ്‌സിന്റെ ആദ്യം എഴുതിയ തിരക്കഥ പ്രകാരം ചിത്രം ബാഗ്ലൂരിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന കഥയായിരുന്നെന്നും പിന്നീട് അത് മാറ്റിയതായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു. സിദ്ദിഖ് ലാലിന്റെ അടുത്ത് ഡിസ്ട്രിബ്യൂഷന്റെ കാര്യം പറയാന്‍ പോയിരുന്നുവെന്നും കഥ ലാലിന്റെ അടുത്ത് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ക്ക് കഥ ഇഷ്ട്‌പ്പെട്ടിരുന്നുവെന്നും എന്നാല്‍ സിനിമയുടെ ഫ്‌ളാഷ് ബാക്ക് സ്റ്റോറി സാധാരണ ലാല്‍ ജോസ് സിനിമകളില്‍ നമ്മള്‍ കാണുന്ന തരത്തിലുള്ള ഒന്നല്ലെന്ന് ലാല്‍ പറഞ്ഞിരുന്നുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. താനും എഴുത്തുക്കാരന്‍ ജെയിംസും ഏറെ നിരാശയില്‍ ആയിരുന്നുവെന്നും പിന്നീട് തങ്ങള്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ആ കഥ എഴുതുകയായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. അമൃത ടി.വിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്ലാസ്‌മേറ്റ്‌സിന്റെ ആദ്യം പറഞ്ഞ കഥയുടെ ക്രക്‌സ് ഒരുപോലെ തന്നെയായിരുന്നു. പക്ഷേ സിനിമയുടെ മൊത്തത്തില്‍ ഉള്ള ആമ്പിയന്‍സൊക്കെ പിന്നീട് മാറിയതാണ്. ശരിക്കും അത് ബാഗ്ലൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന ഒരു കഥയായിരുന്നു. സിദ്ദിഖ് ലാലിന് ഒരു ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഉണ്ടായിരുന്നു. ലാല്‍ റിലീസ് എന്ന പേരില്‍.
അവരോട് ഡിസ്ട്രിബ്യൂഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ പോയപ്പോള്‍ കഥ പറഞ്ഞു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. തുടക്കവും അവസാനവുമൊക്കെ ഉഗ്രനാണ്. ഈ സിനിമ ഓടും കുഴപ്പമൊന്നുമില്ല. പക്ഷേ ഫ്‌ളാഷ് ബാക്കിലെ സ്‌റ്റോറി ലാല്‍ ജോസിന്റെ ഒരു സിനിമയില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു സംഭവം അല്ല. കുക്ഡ് അപ്പ് ആയിട്ട് തോന്നുന്നുണ്ട് എന്ന് പറഞ്ഞു.
പിന്നീട് ഞാനും ജെയിംസ് ആല്‍ബര്‍ട്ടും അവിടെ നിന്ന് തിരിച്ച് പോന്നു. അന്ന് രാത്രി ഞങ്ങള്‍ രണ്ട് പേരും നിശബ്ദരായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ജെയിംസെ നമ്മള്‍ ഈ സിനിമ ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണ്. ഒന്നര വര്‍ഷം അതിന്റെ പുറകില്‍ ജോലി ചെയ്തിട്ടാണ് അതിലേക്ക് എത്തിയത്. അപ്പോള്‍ ജെയിംസും പറഞ്ഞു. ‘ശരിയാ വേണ്ട’ എന്ന്. ഞാന്‍ പറഞ്ഞ ഒരു കാര്യം ശരിയാണ് ബാഗ്ലൂര്‍ നഗരത്തില്‍ ഞാന്‍ ജീവിച്ചിട്ടില്ല. ഒരു എന്‍ജിനീയറിങ് കോളേജില്‍ ഞാന്‍ പഠിച്ചിട്ടുമില്ല. അപ്പോള്‍ ഇത് എങ്ങനെയായിരിക്കും അവിടുത്തെ ലൈഫ് എന്ന് ഒരു ഐഡിയയും ഇല്ല.
സ്വന്തമായിട്ടൊരു ഒരു കോളേജ് ലൈഫ് എനിക്കും ഉണ്ട്, ജെയിംസിനുമുണ്ട്. അങ്ങനെ നമ്മളുടെ ക്യാമ്പസ് ലൈഫിലേക്ക് കൊണ്ട് വന്നാല്‍ കുറച്ചുകൂടെ റെഡിയാകുമെന്ന് തോന്നി. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ ക്യാമ്പസ് ജീവിതവും അവിടുത്തെ കഥകളുമൊക്കെ പരസ്പ്പരം പങ്കുവെച്ചു. ആദ്യത്തെ കഥ ഒന്നര വര്‍ഷം കൊണ്ടെഴുതിയ സ്‌ക്രിപ്റ്റായിരുന്നു. ഇത് മൂന്ന് മാസം കൊണ്ടെഴുതിയതാണ്. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal jose talks about his movie Classmates