വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി കുറഞ്ഞുവരുന്നതായി സര്‍വേ ഫലം. രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തെത്തിയ ട്രംപിന്റെ പ്രകടനത്തെ 42 ശതമാനം ആളുകള്‍ മാത്രമാണ് അംഗീകരിച്ചത്. റോയിട്ടേഴ്സ്/ഇപ്‌സോസ് നടത്തിയ വോട്ടെടുപ്പിലാണ് ട്രംപിന് ജനപ്രീതി കുറയുന്നതായി കണ്ടെത്തിയത്.
മൂന്നാഴ്ച മുമ്പ് നടത്തിയ വോട്ടെടുപ്പില്‍ ട്രംപ് നേടിയത് 43 ശതമാനം അംഗീകാര റേറ്റിങ്ങായിരുന്നു. എന്നാല്‍ ജനുവരിയില്‍ നടന്ന വോട്ടെടുപ്പില്‍ ഇത് 47 ശതമാനമായിരുന്നു. പ്രസ്തുത റേറ്റിങ്ങുകളാണ് 42ലേക്ക് താഴ്ന്നത്. ഇത് 2025 ജനുവരിക്ക് ശേഷം ലഭിച്ച ഏറ്റവും മോശം റേറ്റിങ്ങായിരുന്നു.
ഈ മോശം റേറ്റിങ് അമേരിക്കന്‍ ജനതക്കിടയിലുള്ള ട്രംപിനോടുള്ള അതൃപ്തിയാണ് പ്രകടമാകുന്നതെന്ന് റോയിട്ടേഴ്സ് പറയുന്നു. അധികാരമേറ്റതിന് പിന്നാലെ ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടിവ് ഉത്തരവുകള്‍ തിരിച്ചടിയായതായാണ് റോയിട്ടേഴ്സ് വിലയിരുത്തുന്നത്.
വാഷിങ്ടണിലെ ഒരു പ്രധാന നാടക-സാംസ്‌കാരിക സ്ഥാപനമായ കെന്നഡി സെന്ററിന്റെ ബോര്‍ഡ് ചെയര്‍മാനായി ട്രംപ് സ്വയം സ്ഥാനമേറ്റതും അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരായ ഫെഡറല്‍ കോടതിയുടെ വിധികളും ട്രംപിന്റെ ജനപിന്തുണ കുറയുന്നതിനായി കാരണമായിട്ടുണ്ട്.
4306 വോട്ടര്‍മാരില്‍ 83 ശതമാനം ആളുകളും ട്രംപ് ഫെഡറല്‍ കോടതിയുടെ വിധികള്‍ പാലിക്കണമെന്നാണ് പറയുന്നത്. 57 ശതമാനം ആളുകള്‍ യു.എസ് സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തിവെച്ച ട്രംപിന്റെ തീരുമാനങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു.
യു.എസിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്ന ട്രംപിന്റെ നീക്കത്തെ 66 ശതമാനം ആളുകളാണ് എതിര്‍ക്കുന്നത്. പണപ്പെരുപ്പം, നികുതി തുടങ്ങിയ വിഷയങ്ങളിലും യു.എസ് പൗരന്മാര്‍ ട്രംപിന് എതിരാണ്.
എന്നാല്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുന്നുമുണ്ട്. പക്ഷെ 45 ശതമാനം ആളുകള്‍ മാത്രമാണ് കുടിയേറ്റ നയങ്ങളെ അംഗീകരിക്കുന്നത്.
അതേസമയം ഡെമോക്രാറ്റിക് നേതാവായ ജോ ബൈഡന് പ്രസിഡന്റായിരുന്ന കാലയളവില്‍ ലഭിച്ചിരുന്ന റേറ്റിങ്ങുകളേക്കാള്‍ കൂടുതലാണ് ട്രംപിനുള്ള പിന്തുണയെന്നും റോയിട്ടേഴ്സ് പറയുന്നു.
പക്ഷെ 59 ശതമാനം ആളുകള്‍ ആഗോളതലത്തില്‍ യു.എസിനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടി. 53 ശതമാനം ആളുകള്‍ ട്രംപ് മൂന്നാമതും ഭരണത്തിലേറരുതെന്ന് ആഗ്രഹിക്കുന്നതായും സര്‍വേ ഫലം പറയുന്നു.
Content Highlight: Trump’s public support drops sharply; 53% of people want Trump not to be re-elected for a third term