Sports News
ഇന്ത്യക്ക് ഇരട്ട നേട്ടം; വിസ്ഡണ്‍ ക്രിക്കറ്റിന്റെ ലോക ലീഡിങ് താരങ്ങളായി ബുംറയും മന്ഥാനയും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 22, 07:17 am
Tuesday, 22nd April 2025, 12:47 pm

വിസ്ഡണ്‍ ക്രിക്കറ്റേഴ്സ് അല്‍മാനാക്കിന്റെ 2024ലെ ലോകത്തിലെ മികച്ച ലീഡിങ് പുരുഷ താരമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ലോകത്തിലെ ലീഡിങ് വനിതാ ക്രിക്കറ്ററായി സ്മൃതി മന്ഥാനയെയും തെരഞ്ഞെടുത്തു. ഏപ്രില്‍ 22 ന് പുറത്തിറക്കിയ വിസ്ഡണ്‍ അല്‍മാനാക്കിന്റെ 2025 എഡിഷനിലാണ് ഇന്ത്യന്‍ താരങ്ങളെ തെരഞ്ഞെടുത്തത്.

2024ല്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബുംറ ഈ ബഹുമതി നേടിയത്. കഴിഞ്ഞ വര്‍ഷം 20-ല്‍ താഴെ ശരാശരിയില്‍ 200 വിക്കറ്റുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ബൗളറായി മാറിയിരുന്നു ബുംറ. കഴിഞ്ഞ വര്‍ഷം ഒരു കലണ്ടര്‍ ഇയറില്‍ 71 ടെസ്റ്റ് വിക്കറ്റുകള്‍ നേടി ചരിത്ര നേട്ടവും കുറിക്കുകയും ചെയ്തിരുന്നു താരം. 14. 92 ശരാശരിയിലും 30 ല്‍ താഴെ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ഈ വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ മാത്രം ബുംറ 32 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് സീരിസില്‍ ഒരു ഇന്ത്യന്‍ പേസര്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റുകളാണ് മുംബൈ താരം സ്വന്തം പേരിലാക്കിയത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരക്ക് പുറമെ ബുംറ ടി-20 ലോകകപ്പിലും ഇന്ത്യക്കായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങള്‍ നിന്ന് 15 വിക്കറ്റുകള്‍ നേടിയിരുന്നു. 4.17 എക്കണോമിയിലാണ് താരം ഇത്രയും വിക്കറ്റുകള്‍ നേടിയത്.

ഏതൊരു ക്രിക്കറ്ററും ആഗ്രഹിക്കുന്ന നേട്ടങ്ങളാണ് ബുംറ പോയ വര്‍ഷം സ്വന്തമാക്കിയത്. 2024 ല്‍ ടി 20 ലോകകപ്പ് സ്വന്തമാക്കിയ താരം ലോകകപ്പിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ.സി.സിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറുമായും ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറുമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു വനിതാ താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ഥാന വനിതാ ലീഡിങ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. 2024ല്‍ വിവിധ ഫോര്‍മാറ്റുകളിലായി 1659 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഇന്ത്യന്‍ ഓപ്പണര്‍ കഴിഞ്ഞ വര്‍ഷം നാല് ഏകദിന സെഞ്ച്വറികള്‍ ഉള്‍പ്പെടെ അഞ്ച് സെഞ്ച്വറികള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ അവരുടെ ആദ്യത്തെ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചതും മന്ഥാനയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരനെ ലോകത്തിലെ ലീഡിങ് ടി20 കളിക്കാരനായും വിസ്ഡണ്‍ ക്രിക്കറ്റേഴ്സ് അല്‍മാനാക്കിന്റെ പുതിയ പതിപ്പ് തെരഞ്ഞെടുത്തു.

Content Highlight:  Indian Cricketers Jasprit Bumrah and Smriti Mandhana named as Wisden’s Leading Cricketers in the World